തിരുവനന്തപുരം: സി.പി.ഐയുടെ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളെയും അസിസ്റ്രന്റ് സെക്രട്ടറിമാരെയും തിരഞ്ഞെടുക്കാൻ സംസ്ഥാന കൗൺസിൽ യോഗം നാളെ എം.എൻ.സ്മാരകത്തിൽ ചേരും. നേരത്തെയുണ്ടായിരുന്ന അസിസ്റ്രന്റ് സെക്രട്ടറിമാരിൽ പി.പി.സുനീർ തുടരും. 75 വയസെന്ന പ്രായപരിധി മാനദണ്ഡപ്രകാരം സ്ഥാനമൊഴിയുന്ന ഇ.ചന്ദ്രശേഖരന് പകരം ആരു വരുമെന്നതാണ് പ്രധാനം. സുനീർ മലപ്പുറം ജില്ലക്കാരനായതിനാൽ തെക്കൻ ജില്ലകളിൽ നിന്നുള്ള ആരെങ്കിലും എത്താനാണ് സാദ്ധ്യത. കൊല്ലത്തു നിന്നുള്ള ആർ.രാജേന്ദ്രൻ, ആലപ്പുഴയിൽ നിന്ന് ടി.ജെ.ആഞ്ചലോസ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളതെന്നറിയുന്നു. കൊല്ലത്തു നിന്നുള്ള മുല്ലക്കര രത്നാകരനെ അസിസ്റ്രന്റ് സെക്രട്ടറിയാക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.
21 അംഗ സംസ്ഥാന നിർവാഹക സമിതിയിൽ നിന്ന് പ്രായപരിധി മാനദണ്ഡത്തിൽ ഇ.ചന്ദ്രശേഖരൻ, കെ.ആർ.ചന്ദ്രമോഹൻ, വി.ചാമുണ്ണി, സി.എൻ.ജയദേവൻ എന്നിവർ ഒഴിവാകും. കാനത്തിന്റെ ഒഴിവുമുണ്ട്. ഈ അഞ്ച് ഒഴിവുകളിൽ ടി.ജെ ആഞ്ചലോസ്, കെ.പി.സുരേഷ് രാജ്, കെ.എം ദിനകരൻ എന്നിവർ ഏതായാലും ഉൾപ്പെടും.ഗോവിന്ദൻ പള്ളിക്കാപ്പിൽ, ലതാദേവി എന്നിവരാണ് നിർവാഹക സമിതിയിൽ എത്താൻ സാദ്ധ്യതയുള്ള മറ്റു രണ്ട്പേർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |