കൊല്ലം: പുറംകടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3യിൽ നിന്ന് ഇന്ധനം പൂർണമായും വീണ്ടെടുത്തു. 367 ടൺ ഹെവി ഫ്യുവൽ ഓയിലും 84.4 ടൺ ഡീസലുമാണ് പുറത്തെടുത്തത്. ഇന്ത്യൻ യാനമായ ഒഫ് ഷോർ മൊണാർക്കിലേക്ക് മാറ്റിയ ഇന്ധനം നാളെ കൊച്ചി തുറമുഖത്തെത്തിച്ച് കസ്റ്റംസിന് കൈമാറും. സാൽവേജ് ഓപ്പറേഷൻ യാനങ്ങളായ സതേൺ നോവ, ഒഫ് ഷോർ മൊണാർക്ക്, കനേറ മേഘ് എന്നിവയാണ് ദൗത്യത്തിൽ ഏർപ്പെട്ടത്. ഇവ കൊല്ലം പോർട്ടിൽ മടങ്ങിയെത്തി.
വിദേശ കമ്പനിയായ എസ്.എം.ഐ.ടിയും ഇന്ത്യൻ കമ്പനി മെർക്കുമായിരുന്നു ദൗത്യത്തിന് നേതൃത്വം നൽകിയത്. 60ഓളം വിദേശികളടക്കം 130 വിദഗ്ദ്ധർ ദൗത്യത്തിൽ പങ്കെടുത്തു. മേയ് 24ന് മുങ്ങിയ കപ്പലിന്റെ അടിത്തട്ടിലെ ഇന്ധന ടാങ്കിൽ ദ്വാരമിട്ടാണ് ഒഫ് ഷോർ മോണാർക്കിലേക്ക് ഇന്ധനം മാറ്റിയത്. ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ 35 മീറ്റർ ആഴത്തിലാണ് കപ്പൽ മുങ്ങിക്കിടന്നത്.
ജൂലായ് അവസാനവാരമാണ് ദൗത്യം ആരംഭിച്ചത്. കടൽ പ്രക്ഷുബ്ധമായതിനാൽ ഇടയ്ക്ക് തടസപ്പെട്ടു. കടൽ അല്പം ശാന്തമായതോടെ ഈ മാസമാണ് ദൗത്യം വേഗത്തിലായത്.
ഇനി കണ്ടെയ്നർ
വീണ്ടെടുക്കൽ
മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന അപകടകരമായ പദാർത്ഥങ്ങളടങ്ങിയ കണ്ടെയ്നറുകൾ വീണ്ടെടുക്കലാണ് അടുത്ത ഘട്ടം. എണ്ണൂറോളം കണ്ടെയ്നറുകളാണ് മുങ്ങിക്കിടക്കുന്നത്. കടലിൽ പതിച്ച 60ഓളം കണ്ടെയ്നറുകൾ ആലപ്പുഴ മുതൽ കന്യാകുമാരി വരെയുള്ള തീരങ്ങളിൽ അടിഞ്ഞിരുന്നു. 800 കോടിയുടെ ചരക്കാണ് കപ്പലിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |