തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനവട്ട വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് ഇന്നലെ നടപടി തുടങ്ങി.ആദ്യദിവസം പേരുചേർക്കാൻ 2285പേർ വിവിധ ജില്ലകളിലായി അപേക്ഷ നൽകി. ഒക്ടോബർ 14വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.
ഓൺലൈനായി sec.kerala.gov.in സൈറ്റിലാണ് അപേക്ഷ നൽകേണ്ടത്.മൊബൈൽ ഫോൺ നമ്പർ,ആധാർ,വോട്ടർകാർഡ്, എന്നിവയും ഫോട്ടോയുമാണ് പേരു ചേർക്കാൻ വേണ്ടത്. കുടുംബാംഗത്തിലാരുടേയെങ്കിലുമോ, അയൽവാസിയുടേയോ ക്രമനമ്പറും വേണ്ടിവരും.2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് തികഞ്ഞവർക്ക് പേരു ചേർക്കാം. അവസാന തീയതി ഒക്ടോബർ 14. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും.
ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം. വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങൾ (ഫാറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്ത്, അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം.ഓൺലൈൻ മുഖേനയല്ലാതെയും നിർദ്ദിഷ്ട ഫാറത്തിൽ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാം..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |