റായ്‌പൂർ: കാമുകനെ കഴുത്തറുത്ത് കൊലപ്പെടുത്തി 16കാരി. ചത്തീസ്‌ഗഡിലെ റായ്‌പൂരിലാണ് സംഭവം. ബീഹാർ സ്വദേശിയായ മൊഹമ്മദ് സദ്ദാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിലാസ്‌പൂർ സ്വദേശിനിയായ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
റായ്‌പൂരിലെ അഭാൻപൂരിൽ എംഎസ് എഞ്ചിനീയറിംഗ് ഓഫീസറായി ജോലി ചെയ്യുകയായിരുന്നു സദ്ദാം. സെപ്തംബർ 28നാണ് സദ്ദാമിനെ കാണാൻ പെൺകുട്ടി റായ്‌പൂരിൽ എത്തിയത്. തുടർന്ന് ഇരുവരും റായ്‌പൂരിലെ സത്‌കർ ഗലിയിലുള്ള ലോഡ്ജിൽ മുറിയെടുത്തു. പെൺകുട്ടി മൂന്നുമാസം ഗർഭിണിയായിരുന്നുവെന്നാണ് വിവരം. ഗർഭം അലസിപ്പിക്കാൻ സദ്ദാം പെൺകുട്ടിയെ നിർബന്ധിച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ദിവസങ്ങൾക്ക് മുൻപ് ലോഡ്‌ജിന് മുന്നിൽ വച്ച് സദ്ദാം കത്തികാട്ടി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സെപ്തംബർ 28ന് രാത്രി ലോഡ്‌ജിൽ ഉറങ്ങുകയായിരുന്ന സദ്ദാമിനെ അതേ കത്തികൊണ്ട് പെൺകുട്ടി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം യുവാവിന്റെ ഫോൺ കൈക്കലാക്കി, മുറി പുറത്തുനിന്ന് പൂട്ടിയതിനുശേഷം പെൺകുട്ടി സ്വന്തം വീട്ടിലെത്തി. വരുന്നവഴി ഒരു റെയിൽവേ ട്രാക്കിൽ മുറിയുടെ താക്കോലും ഉപേക്ഷിച്ചു.
വീട്ടിലെത്തിയപ്പോൾ അമ്മ നിർബന്ധിച്ചതിനെത്തുടർന്നാണ് പെൺകുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞത്. പിന്നാലെ അമ്മ മകളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിവരം പറയുകയായിരുന്നു. തുടർന്ന് ലോഡ്‌ജിലെത്തിയ പൊലീസ് രക്തത്തിൽ കുളിച്ച നിലയിൽ സദ്ദാമിന്റെ മൃതദേഹം കണ്ടെത്തി. സദ്ദാമിന്റെ ഫോൺ കസ്റ്റഡിയിലെടുത്തതായും വീട്ടുകാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |