കോട്ടയം : കഴിഞ്ഞ ദിവസമാണ് മണിമലിയിലെ ഒരു ദേശസാത്കൃത ബാങ്കിൽ കണ്ണീരോടെ മദ്ധ്യവയസ്കനെത്തിയത്. ഏതോ മെസേജിനും മറുപടി നൽകിയും തുടർന്നുവന്ന ലിങ്കിൽ ക്ളിക്ക് ചെയ്യുകയും ചെയ്തതോടെ അക്കൗണ്ടിലുണ്ടായിരുന്ന 1.90 ലക്ഷം പോയി. ബോധവത്കരണം നടത്തിയിട്ടും സൈബർ തട്ടിപ്പിൽ വീഴുന്നവർ ജില്ലയിലേറുകയാണ്. ഓൺലൈൻ ജോലി, ഓഹരി നിക്ഷേപം, ക്രിപ്ടോ കറൻസി, ട്രേഡിംഗ്...തട്ടിപ്പ് സംഘം പല മാർഗങ്ങളാണ് കണ്ടെത്തുന്നത്. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 27 കേസുകൾ. 4.05 രൂപയുടെ തട്ടിപ്പ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യമുള്ളവരും വിരമിച്ച ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, രാജ്യാന്തര കമ്പനികളിലെ ജീവനക്കാർ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരാണ് തട്ടിപ്പിന് ഇരയാകുന്നത്.
വീഡിയോ കോൾ വഴി വ്യാജ സി.ബി.ഐ അറസ്റ്റ് ഭീഷണി മുഴക്കിയും പണം തട്ടുന്നുണ്ട്. ആകാശ് കുൽഹാരി ഐ.പി.എസ് എന്ന യഥാർത്ഥ സി.ബി.ഐ ഉദ്യോഗസ്ഥന്റെ പേരു വിവരങ്ങൾ ഉപയോഗിച്ചും തട്ടിപ്പ് നടത്തി. ലഹരി പിടികൂടിയെന്ന വ്യാജേനയും കോൾ വിളിച്ച് അശ്ളീല വീഡിയോയുടെ ഭാഗമാക്കിയും പണം തട്ടിയിട്ടുണ്ട്. മാനനഷ്ടം ഭയന്ന് പലരും കേസ് കൊടുക്കുന്നില്ല.
സജീവമല്ലാത്ത അക്കൗണ്ടുകൾ വാടകയ്ക്ക്
സജീവമല്ലാത്ത അക്കൗണ്ടുകൾ പ്രതിമാസം 10000-25000 രൂപ വരെ വാടക നൽകി തട്ടിപ്പുകാർ ഏറ്റെടുക്കുകയാണ്. ഇടപാട് നടന്നു കഴിഞ്ഞാൽ പണം ഈ അക്കൗണ്ടിൽ നിന്ന് പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ആണ് പതിവ്. അക്കൗണ്ടുകളിലേക്ക് കൊള്ളയടിക്കുന്ന പണം നിക്ഷേപിക്കുകയും ഇടപാടുകാർ പറയുന്ന അക്കൗണ്ടുകളിലേക്ക് മാറ്റുകയുമാണ് രീതി. നിശ്ചിത ശതമാനം ഇവർക്ക് പ്രതിഫലമായി നൽകും. മിക്ക ഓൺലൈൻ തട്ടിപ്പുകളും സംബന്ധിച്ച അന്വേഷണം ഈ പ്രൈമറി അക്കൗണ്ടുകളിൽ അവസാനിക്കും.
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട
അജ്ഞാത നമ്പറുകളിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കരുത്
ഇത്തരം അക്കൗണ്ടുകൾ സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമിൽ റിപ്പോർട്ട് ചെയ്യുക
തട്ടിപ്പുകാർക്കു പണം നൽകുകയോ ഫോട്ടോ അയച്ചു കൊടുക്കുകയോ ചെയ്യരുത്
ബാങ്കുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ നേരിട്ട് ബന്ധപ്പെട്ട് പരിശോധിച്ച് ഉറപ്പുവരുത്തുക
അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്, ശക്തമായ പാസ്‌വേഡ് ഉപയോഗിക്കുക.
പണം നഷ്ടപ്പെട്ടാൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക
ഈ വർഷം നടന്നത് 27 തട്ടിപ്പ്
''പരിചയമില്ലാത്ത അക്കൗണ്ടുകളിൽ നിന്ന് വരുന്ന സന്ദേശങ്ങൾ അവഗണിക്കണം. ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. കൂടുതൽ ചങ്ങാത്തത്തിന് പോയാൽ തട്ടിപ്പ് സംഘം വലയിൽ വീഴ്ത്തും. അജ്ഞത മുതലെടുക്കുകയാണ് ഇവരുടെ രീതി.
സൈബർ പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |