തിരുവനന്തപുരം: രാഷ്ട്രീയ കേസുകളിൽ ശിക്ഷിക്കപ്പെട്ടെന്ന് കരുതി പ്രത്യേക ആനുകുല്യങ്ങളോ അവകാശങ്ങളോ ജയിലുകളിൽ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളിൽ കർശന നടപടിയുണ്ടാവും. ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടി കൂടിയെന്നും കൊടുംകുറ്റവാളികളെ സ്ഥിരമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ശക്തമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ജയിലുകളിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നില്ല. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഇതേക്കുറിച്ച് അന്വേഷിച്ച്
സുരക്ഷാനടപടികൾ ശുപാർശ ചെയ്യാൻ റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു. ജയിലുകളിലെ അടിസ്ഥാന സൗകര്യം വികസനം, മാനവ വിഭവശേഷി, ഉദ്യോഗസ്ഥ പരിശീലനം തുടങ്ങിയവയിൽ പ്രായോഗിക നിർദ്ദേശങ്ങളും സമിതി സമർപ്പിക്കും.
തടവുകാരെ വിവിധ കേസുകളിൽ ദൂരെയുള്ള സ്ഥലങ്ങളിൽ ഹാജരാക്കുമ്പോൾ അവർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും പൊലീസുകാർ ഒരുക്കുന്നതിനെ കുറ്റമായി കാണാനാവില്ല. എന്നാൽ തെറ്റായ കാര്യങ്ങൾ നടന്നാൽ ശക്തമായ നടപടിയുണ്ടാവും.ജയിലുകളിൽ പലതും കാലപ്പഴക്കമുള്ളതും , കാലാനുസൃതമായി നവീകരിക്കേണ്ടതുമാണ്. പുതിയ ജയിലുകളും ആവശ്യമായിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലകളുൾപ്പെടുന്ന മധ്യ മേഖലയിൽ പുതിയൊരു സെൻട്രൽ ജയിൽ സ്ഥാപിക്കുന്നതും ആലോചിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |