'മണൽത്തരി വിതറിയാൽ താഴെ വീഴില്ല..." തിങ്ങിനിറഞ്ഞ സദസിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു നാടൻ പ്രയോഗമാണിത്. ഒരു സദസിന്റെ അവിഭാജ്യ ഘടകമാണ് ആൾക്കൂട്ടം. ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന ഓരോ പരിപാടിയുടെയും വിജയം പോലും നിർണയിക്കുന്നത് ആൾക്കാരുടെ എണ്ണം വച്ചാണ്. പ്രത്യേകിച്ചും രാഷ്ട്രീയ പരിപാടികളിൽ. തീപ്പൊരി പ്രസംഗങ്ങൾ നടത്തുന്ന നേതാക്കളെ കേൾക്കാനും ഹർഷാരവങ്ങൾ മുഴക്കാനും നിറസദസില്ലെങ്കിൽ പരിപാടി എട്ടുനിലയിൽ പൊട്ടുമെന്നതാണ് സ്ഥിതി. പരിപാടികളുടെ വിജയത്തിനായി കാശുമുടക്കി ആളെ ഒപ്പിക്കുന്നതും രാഷ്ട്രീയക്കാർക്കിടയിൽ സർവസാധാരണം.
വലിയ ജനപങ്കാളിത്തമുള്ള ആഘോഷങ്ങളിലും സിനിമാതാരങ്ങൾ പങ്കെടുക്കുന്ന പരിപാടികളിലും വലിയ തിരക്കാണ് പൊതുവെ അനുഭവപ്പെടാറുള്ളത്. ഇത്തരം സംഭവങ്ങളിൽ കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തമിഴ്നാട്ടിലെ കരൂർ ദുരന്തം.
തമിഴ് ജനതയുടെ ഇളയദളപതി വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ പരിപാടികൾക്ക് ആളുകൂടാൻ വിജയ് എന്ന പേരുതന്നെ ധാരാളം. പാർട്ടി ആശയങ്ങൾക്കതീതമായി അയൽ ജില്ലകളിൽ നിന്നുപോലും താരത്തെ കാണാൻ ജനം ഇരച്ചെത്തി. ടി.വി.കെയുടെ ഓരോ പരിപാടികളിലും വർദ്ധിച്ചു വരുന്ന ജനസഞ്ചയത്തെ വോട്ടാക്കി മാറ്റി, മുന്നേറാനുള്ള വിജയ്‌യുടെ ശ്രമങ്ങളാണ് കരൂരിൽ പിഴച്ചത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിൽ അതൊരു മായാകളങ്കമായി കിടക്കുമെന്നതിൽ സംശയംവേണ്ട. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിൽ സംഘാടകർ പരാജയപ്പെട്ടതാണ്, 40 പേരുടെ ജീവൻ അപഹരിച്ച, രാജ്യത്തെ ഞെട്ടിച്ച ആൾക്കൂട്ട ദുരന്തത്തിലേക്ക് നയിച്ചത്.
ഇരച്ചെത്തിയ
അപകടം
കരൂരിൽ 10,000 പേർക്ക് അനുമതി നൽകിയ ടി.വി.കെയുടെ പരിപാടിയിലേക്ക് എത്തിയത് ലക്ഷക്കണക്കിന് ആളുകളാണ്. റാലിക്ക് അനുമതി നൽകിയിരുന്നത് വൈകിട്ടാണെങ്കിലും നാമക്കലിലെ പരിപാടിക്കുശേഷം ഉച്ചയോടെ വിജയ് കരൂരിൽ എത്തുമെന്ന് സംഘാടകരിൽ ചിലർ പ്രചരിപ്പിച്ചതോടെ ഗർഭിണികളും പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ വേലുച്ചാമിപുരത്ത് രാവിലെ മുതൽ തമ്പടിച്ചു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനിടയിൽ വെള്ളവും ഭക്ഷണവുമില്ലാതെ പലരും തളർന്നുവീണു. വലിയ ജനസഞ്ചയത്തെ നിയന്ത്രിക്കുന്നതിൽ യാതൊരു മുൻകരുതലും ടി.വി.കെ എടുത്തിരുന്നില്ല. മണിക്കൂറുകൾ കാത്തുനിന്ന ജനസഹസ്രങ്ങൾക്കിടയിലേക്ക് റാലി എത്തിയത് വൈകിട്ട് ഏഴോടെയാണ്. വിജയ്‌യെ അനുഗമിച്ചവരും കാത്തിരുന്നവരും കൂടിച്ചേർന്നപ്പോൾ തിരക്ക് നിയന്ത്രണാതീതമായി. ജനത്തെനിയന്ത്രിക്കാൻ പൊലീസും നന്നെ പണിപ്പെട്ടു.
വിജയ്‌യുടെ ക്യാരവാനെ പൊതിഞ്ഞുനിന്നിരുന്നവർ തിരക്കിൽ ഒരടി ചലിക്കാൻ പോലുമാകാതെ ഞെരിഞ്ഞമർന്നു. തളർന്നു വീണവർക്ക് വെള്ളം എറിഞ്ഞു കൊടുത്തതും പിന്നിലുള്ളവർ താരത്തെ കാണാൻ വ്യഗ്രത കൂട്ടിയതും സ്ഥിതി രൂക്ഷമാക്കി. തളർന്നു വീണവരെയും കൊണ്ട് തിരക്കിനിടയിൽ ആംബുലൻസിന് പോകാനും കഴിഞ്ഞില്ല. പൊലീസ് നിയന്ത്രണം ഏറ്റെടുത്തതോടെ പരിഭ്രാന്ത്രരായ ജനം തിരിഞ്ഞോടാൻ ശ്രമിച്ചതും കാര്യങ്ങൾ കൈവിട്ടുപോകാൻ തുടങ്ങി. പ്രിയതാരത്തെ കാണാൻ പത്തുപേരിലധികം കയറിയ മരം ആൾക്കാർക്കിടയിലേക്ക് ഒടിഞ്ഞു വീണതോടെ രക്ഷപെടാനുള്ള പരക്കം പാച്ചിലിനിടയിൽ ആളുകൾ നിലത്തു വീണു, പലരും ചവിട്ടി മെതിക്കപ്പെട്ടു. അത് രാജ്യത്തെ തന്നെ ഞെട്ടിച്ച കൂട്ടക്കുരുതിയിലേക്ക് നയിച്ചു. ഒന്നരവയസുകാരനടക്കം 40 പേരുടെ ജീവനെടുത്ത അപകടത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റു. യോഗം നടക്കുന്ന സ്ഥലത്തിന് ഉൾക്കൊള്ളാൻ സാധിക്കുന്നതിലുമധികം ആളുകൾ എത്തിയത് ദുരന്തത്തിന്റെ വ്യാപ്തി ഇരട്ടിയാക്കി.
പാഠം പഠിക്കാതെ
സൂചി കുത്താനിടമില്ലാതെ പതിനായിരക്കണക്കിന് ആളുകൾ തിങ്ങി ഞെരുങ്ങി നിൽക്കുന്ന ഇടങ്ങളിൽ എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടാകാമെന്ന് ആർക്കും അറിയാത്തതല്ല. വലിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വീഴ്ച പറ്റുന്നതും രാജ്യത്ത് ആദ്യമല്ല. നിയന്ത്രണാതീതമായ തിരക്കിൽ അപകടസാദ്ധ്യതയുണ്ടെങ്കിലും പലപ്പോഴും വേണ്ട മുൻകരുതലുകൾ കൈക്കൊള്ളാത്തതാണ് ദുരന്തങ്ങളിൽ കലാശിക്കുന്നത്. രാജ്യത്ത് ഈ വർഷം മാത്രം കരൂർ ഉൾപ്പെടെ വിവിധയിടങ്ങളിൽ ചെറുതും വലുതുമായ എട്ടിലധികം ആൾക്കൂട്ട അപകടങ്ങളാണുണ്ടായത്. ഇക്കഴിഞ്ഞ ജനുവരിയിൽ ആദ്യം തിരുപ്പതി തിരുമല ക്ഷേത്രത്തിലെ വൈകുണ്ഡ ഏകാദശി കൂപ്പൺ വിതരണത്തിനിടെ തിരക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടത് ആറുപേർക്കാണ്. ജനുവരിയിൽ തന്നെ മഹാകുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചു. ഫെബ്രുവരിയിൽ കുംഭമേള കഴിഞ്ഞ് മടങ്ങിയവർ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിരക്കിൽപ്പെട്ടപ്പോൾ പൊലിഞ്ഞത് 18 ജീവനാണ്. ഇതിനുശേഷം ജൂൺ നാലിനായിരുന്നു ഐ.പി.എല്ലിൽ ആദ്യജയം സ്വന്തമാക്കിയ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ വിജയാഘോഷം വിലാപയാത്രയായത്. ചിന്നസ്വാമി സ്റ്റേഡിയം പരിസരത്ത് അനുഭവപ്പെട്ട അഭൂതപൂർവ്വമായ തിരക്കിൽ നഷ്ടമായത് 11 ജീവനുകളാണ്.
രാജ്യത്തെ ഞെട്ടിച്ച ഓരോ അപകടത്തിന്റെയും കാരണം തിരഞ്ഞു നോക്കുമ്പോൾ പാളിപ്പോയ സംഘാടന പിഴവും കെടുക്കാര്യസ്ഥതയുമാണെന്ന് പകൽപോലെ വ്യക്തം. തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ കൃത്യമായി പാലിക്കാത്തതും വലിയൊരു തിരക്കിനെ മുന്നിൽക്കണ്ടിട്ടും അധികൃതരുടെ കാട്ടുന്ന നിസംഗ ഭാവവുമാണ് ഓരോ ദുരന്തത്തിന്റെയും വ്യാപ്തി ഇരട്ടിയാക്കുന്നത്.
പിഴവുകൾ ആവർത്തിക്കരുത്
വലിയൊരു ഒത്തുചേരലിന് നിറം പകരാൻ എത്തുന്ന ആൾക്കൂട്ടത്തിന് അപകടത്തിന്റെ നിലവിളികളിലേക്ക് മാറാൻ അധികനേരം വേണ്ടിവരില്ല. ഇത് മുന്നിൽക്കണ്ട് ജനത്തിന്റെ സുരക്ഷയ്ക്കാണ് ഓരോ പരിപാടിയിലും മുൻഗണന നൽകേണ്ടത്. വലിയ ആഘോഷം നടത്തുമ്പോൾ അവിടെ വിലപ്പെട്ടത് മനുഷ്യജീവനുകളാണെന്ന ഓർമ്മ വേണം. തിരക്ക് നിയന്ത്രിക്കാനായി ഒന്നിലധികം പുറത്തേക്കുള്ള വഴികൾ സജ്ജമാക്കുക, ജനക്കൂട്ടത്തെ കൃത്യമായി നിരീക്ഷിക്കുക, പരിപാടിക്ക് മുന്നോടിയായി കൃത്യമായി അവബോധം നൽകുക, വേദികളിൽ വായു സഞ്ചാരം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ കാര്യങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മാർഗരേഖകളും പരിശീലനവും ഉണ്ടായിരിക്കണം. സുരക്ഷാസേന, മെഡിക്കൽ സംഘം, വോളന്റിയർമാർ തുടങ്ങിയവ സജ്ജമായിരിക്കണം. കൂടാതെ ജനക്കൂട്ടത്തിന് അനുസൃതമായ സൗകര്യങ്ങളില്ലാത്ത പരിപാടികൾക്ക് അനുമതി നൽകാതിരിക്കാനും ശ്രദ്ധിക്കണം. സമ്മേളനങ്ങൾക്ക് മാർഗരേഖ കൊണ്ടുവരാനുള്ള നീക്കം തുടങ്ങിയത് സ്വാഗതാർഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |