
കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ സിനിമാലോകത്തെ വലിയ ചർച്ചാവിഷയമാണ് നടനും തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനുമായ വിജയ്‌യുടെ വിവാഹമോചന വാർത്തകൾ. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് ചെങ്കൽപേട്ട് കുടുംബകോടതിയിൽ അപേക്ഷ നൽകിയ വിവരങ്ങൾ പുറത്തുവന്നതാണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഒരു നടിയുമായി വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
ഇത് ടിവികെയിലൂടെ രാഷ്ട്രീയരംഗത്ത് സജീവമാകാനൊരുങ്ങുന്ന വിജയ്ക്ക് വെല്ലുവിളിയാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും തമിഴ്നാട്ടിൽ നടക്കുന്നുണ്ട്. തന്റെ കരിയറിൽ ഒരു സിനിമയ്ക്ക് 250 കോടി വരെ പ്രതിഫലം വാങ്ങിയിരുന്ന വിജയ്‌ക്കെതിരെയുണ്ടായിരിക്കുന്ന അധിക്ഷേപങ്ങൾ തമിഴ്നാട്ടിൽ വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിന്റെ ടിവികെയുടെ ഭാവിയെ ബാധിക്കുമോയെന്നും സംശയം ഉയരുന്നുണ്ട്. വിജയ്‌യും സഹപ്രവർത്തകയായ ഒരു നടിയും തമ്മിലുള്ള അടുപ്പം എല്ലാ അതിരുകളും ഭേദിച്ചെന്നും സംഗീത തന്റെ രണ്ടുമക്കൾക്കൊപ്പം വിദേശത്തുള്ള സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയെന്നുമായിരുന്നു പുറത്തുവന്ന വിവരങ്ങൾ. ഈ ആരോപണങ്ങളിൽ വിജയ്‌യോ ഭാര്യയോ നടിയോ പ്രതികരിക്കാത്തതിനാൽ സിനിമാലോകത്ത് വലിയ ചർച്ചകളൊന്നും ആദ്യസമയങ്ങളിലുണ്ടായില്ല.
എന്നാൽ സംഗീത വിവാഹമോചനത്തിനുള്ള അപേക്ഷ ഫയൽ ചെയ്തതോടെയാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്. താനും വിജയ്‌യും കഴിഞ്ഞ അഞ്ച് വർഷമായി അകന്നാണ് കഴിയുന്നതെന്നും ഉടനടി വിവാഹമോചനം വേണമെന്നുമാണ് സംഗീത ഹർജിയിൽ പറയുന്നത്. കുടുംബബന്ധങ്ങൾ വലിയ വില കൊടുക്കുന്ന വിജയ്‌യുടെ ജീവിതത്തിൽ ചില കാര്യങ്ങൾ സംഭവിച്ചത് പെട്ടെന്നായിരുന്നു. ശ്രീലങ്കൻ വംശജരാണ് സംഗീതയുടെ മാതാപിതാക്കളെങ്കിലും അവർ ജനിച്ചതും വളർന്നതും യുകെയിലാണ്. പിതാവിന്റെ ശതകോടികൾ വരുന്ന സ്വത്തുക്കളുടെ ഏക അവകാശിയാണ് സംഗീത. 48കാരിയുടെ പേരിൽ 400 കോടിയുടെ ബിസിനസുണ്ടെന്നും പറയുന്നു.
ആരോപണം നേരിടുന്ന നടിയും വിജയ്‌യും തമ്മില്‍ വര്‍ഷങ്ങളായി ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ചെറുപ്പകാലത്ത് പോലും ഇരുവരും നായികാ നായകന്‍മാരായി അഭിനയിച്ചിട്ടുണ്ട്. അന്ന് യാതൊരു തരത്തിലുള്ള ഗോസിപ്പുകളും ഉയർന്നിരുന്നില്ല. എന്നാല്‍ കുറച്ചുകാലം മുന്‍പ് ഇരുവരും വീണ്ടും ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച ശേഷം മാനസികമായി ഏറെ അടുത്തെന്നും 40 പിന്നിട്ടിട്ടും വിവാഹിതയാകാത്ത നടിക്ക് വിജയ്‌യോടും വിജയ്ക്ക് നടിയോടും ഇഷ്ടം കൂടിയിട്ടുണ്ടെന്നും കഥകള്‍ പ്രചരിച്ചിരുന്നു.
വിജയ് സംഗീതയെ നിര്‍ബന്ധമായി യുകെയിലേക്ക് അയക്കാന്‍ ശ്രമിച്ചെന്നും പോകില്ലെന്ന് വാശി പിടിച്ചപ്പോള്‍ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും വിമർശകർ പറയുന്നുണ്ട്. ഇതിനുപിന്നാലെ വിജയ് നടിയുമായി വിദേശയാത്രകള്‍ ചെയ്യുകയും നടി തന്നെ ഒന്നിച്ചുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയുമായിരുന്നു. സ്വന്തം വീട്ടിൽ നിന്നുള്ള ചിത്രങ്ങൾവരെ നടി പങ്കുവച്ചതോടെ സംഗീതയുടെ ഹൃദയം തകരുകയായിരുന്നുവെന്നും വിമർശകർ ആരോപിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |