തിരുവനന്തപുരം: കസ്റ്റഡി മർദ്ദനമടക്കമുള്ള ചെയ്തികൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന സാഹചര്യത്തിൽ ഇടിയൻ പൊലീസുകാർക്ക് കർശന താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സേനയിലെ പുഴുക്കുത്തുകളായ ക്രിമിനലുകളെ പിരിച്ചുവിടും. മാറ്റങ്ങൾ ഉൾക്കൊള്ളാതെ മൂന്നാം മുറയും പ്രാകൃത രീതികളും തുടരുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ബിനാമി, അനാശാസ്യ ബന്ധമുള്ളവർക്കെതിരെയും കർശന നടപടിയെടുക്കും.
കുറ്റക്കാരെ മേലുദ്യോഗസ്ഥർ സംരക്ഷിക്കരുത്. കൈയുംകെട്ടി നോക്കി നിൽക്കരുത്. ഉത്തരവാദിത്വത്തിൽ നിന്നൊഴിയാൻ മേലുദ്യോഗസ്ഥർ ശ്രമിക്കരുത്. കസ്റ്റഡി മർദ്ദനം അനുവദിക്കില്ല. മൂന്നാംമുറയും ബലപ്രയോഗവും പ്രാകൃത രീതികളും വേണ്ട. മനുഷ്യാവകാശ ലംഘനം നടത്തരുത്. ബാഹ്യസമ്മർദ്ദത്തിന് വഴങ്ങരുത്. അവിശുദ്ധബന്ധം പാടില്ല. ആധുനികവും ശാസ്ത്രീയവുമായ രീതിയിൽ അന്വേഷണം നടത്തണം. ഇതിനായി ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കണം. നിജസ്ഥിതി കണക്കിലെടുത്താവണം അന്വേഷണം.ഏതാനും പൊലീസുകാരുടെ മൂല്യച്യുതി സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്നു. പോക്സോ പ്രതിയെ രക്ഷിച്ചതും വാഹനമിടിച്ച് നിറുത്താതെ പോയതും വനിതാപൊലീസുകാർക്ക് രാത്രിയിൽ സന്ദേശങ്ങളയച്ചതുമെല്ലാം ജില്ലാ പൊലീസ് മേധാവിക്ക് ചേർന്നതല്ല. പെറ്റിത്തുക ട്രഷറിയിലടയ്ക്കാതെ അടിച്ചുമാറ്റുന്നവരും പരാതിക്കാരായ വനിതകളോട് മോശമായി പെരുമാറുന്നവരുമുണ്ട്. അതൊന്നും അംഗീകരിക്കാനാവില്ല.
പൊലീസിനെ ആക്രമിക്കുന്നത് സർക്കാരിനെ താറടിച്ചു കാട്ടാനാണ്. പൊലീസ് ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് പരമാവധി പ്രചാരണം നൽകണം. ക്രമസമാധാനനില ഭദ്രമാണ്. പൊലീസിന്റെ മൊത്തത്തിലുള്ള പ്രവർത്തനം പ്രശംസനീയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വർഗീയ സംഘർഷം: കരുതൽ വേണം
വർഗീയ സംഘർഷമുണ്ടാക്കുന്നതിനുള്ള ശ്രമം പല ജില്ലകളിലും ഉണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുറമേയില്ലെങ്കിലും സൈബറിടത്തിലടക്കം ഇതിനായി ഊർജിത ശ്രമമുണ്ട്. മുമ്പുണ്ടായിട്ടില്ലാത്ത തരത്തിൽ ചില മതവിഭാഗങ്ങൾക്കിടയിൽ ഇത്തരം ഘടകങ്ങൾ സജീവമാണ്. തിരഞ്ഞെടുപ്പ് കാലമായതിനാൽ അതീവ ജാഗ്രതയുണ്ടാവണം. അലസമായിരിക്കാതെ മുൻകരുതൽ നടപടികളെടുക്കണം. രഹസ്യാന്വേഷണം ഊർജിതമാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പൊതുപ്രവർത്തകർക്ക് കാപ്പ വേണ്ട
1. കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകർക്കെതിരെ കാപ്പ (ഗുണ്ടാനിയമം) ചുമത്തരുതെന്ന് മുഖ്യമന്ത്രി. യഥാർത്ഥ ഗുണ്ട, ക്രിമിനലുകൾക്കെതിരെയേ ചുമത്താവൂ.
2. കാപ്പചുമത്താൻ കേസുകളുടെ എണ്ണം കൂട്ടിക്കാണിക്കരുത്. അങ്ങനെയായാൽ ഗുണ്ടാ നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയില്ലാതാവും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |