ജോൻപൂർ: വിവാഹപ്പിറ്റേന്ന് വയോധികന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ജോൻപൂർ ജില്ലയിലാണ് സംഭവം. എഴുപത്തിയഞ്ചുകാരനായ സംഗൂറാം ആണ് മരിച്ചത്. മുപ്പത്തിയഞ്ചുകാരിയെയാണ് ഇയാൾ വിവാഹം കഴിച്ചത്.
ഒരു വർഷം മുമ്പ് സാഗൂറാമിന്റെ ആദ്യ ഭാര്യ മരിച്ചു. അന്നുമുതൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല. കൃഷിക്കാരാനാണ് സംഗൂറാം. ഒരു വർഷത്തെ ഏകാന്ത ജീവിതം സാഗൂറാമിന് മടുത്തു. നല്ലൊരു കൂട്ട് പ്രതീക്ഷിച്ചാണ് സംഗൂറാം തന്റെ പകുതിയിൽ താഴെ പ്രായമുള്ള സ്ത്രീയെ വിവാഹം കഴിച്ചത്.
ബന്ധുക്കളെല്ലാം രണ്ടാം വിവാഹത്തെ എതിർത്തിരുന്നു. എന്നാൽ എതിർപ്പുകളെല്ലാം മറികടന്ന് സെപ്തംബർ 29ന് അദ്ദേഹം ജലാൽപൂരിൽ നിന്നുള്ള മൻഭവതിയെ വിവാഹം കഴിച്ചു. വിവാഹം രജിസ്റ്റർ ചെയ്ത ശേഷം ആചാരപ്രകാരം അടുത്തുള്ള അമ്പലത്തിൽവച്ചായിരുന്നു താലികെട്ട് നടത്തിയത്. യുവതിയുടേതും രണ്ടാം വിവാഹമാണ്.
വീട്ടുകാര്യങ്ങൾ ഏറ്റെടുക്കണമെന്നും തന്റെ കുട്ടികളെ പരിപാലിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതിനാലാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് മൻഭവതി വിവാഹശേഷം പ്രതികരിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം സംഗൂറാം മരിച്ചു.
എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ചിലർ ഇതൊരു സ്വാഭാവിക മരണമാണെന്ന് പറയുന്നുണ്ടെങ്കിലും കൂടുതൽ പേരും ദുരൂഹത ആരോപിക്കുന്നു. ഡൽഹിയിലും മറ്റുമാണ് സംഗുറാമിന്റെ ബന്ധുക്കൾ ഉള്ളത്. തങ്ങൾ വന്ന ശേഷം മാത്രമേ സംസ്‌കാരം നടത്താൻ പാടുള്ളൂവെന്നാണ് അവർ പറയുന്നത്. മാത്രമല്ല മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |