ഭോപ്പാൽ: സർക്കാർ ജോലി നഷ്ടപ്പെടുമെന്ന ഭയത്തിൽ ചോരക്കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സ്വന്തം മാതാപിതാക്കൾ കാട്ടിൽ ഉപേക്ഷിച്ചത്. ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുകയാണ് കുഞ്ഞ്. മദ്ധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണ് സംഭവം. ചിന്ദ്‌വാരയിലെ നന്ദൻവാഡി വനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
നാലാമത്തെ കുഞ്ഞിനെയാണ് പിതാവും സർക്കാർ സ്‌കൂൾ അദ്ധ്യാപകനുമായ ബബ്ളു ദണ്ഡോലിയും ഭാര്യ രാജ്‌കുമാരി ദണ്ഡോലിയയും ചേർന്ന് കാട്ടിൽ ഉപേക്ഷിച്ചത്. രണ്ടിൽ കൂടുതൽ മക്കൾ ഉള്ളവർക്ക് മദ്ധ്യപ്രദേശിൽ സർക്കാർ ജോലിയിൽ നിയന്ത്രണമുണ്ട്. ജോലി നഷ്ടപ്പെടുമോയെന്ന ഭയത്താൽ നിലവിൽ മൂന്ന് കുട്ടികളുള്ള ദമ്പതികൾ നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ച വിവരം മറച്ചുവയ്ക്കുകയായിരുന്നു.
സെപ്തംബർ 23ന് രാവിലെയാണ് യുവതി വീട്ടിൽ കുഞ്ഞിനെ പ്രസവിച്ചത്, മണിക്കൂറുകൾക്കകം കാട്ടിൽ ഉപേക്ഷിച്ചു. പ്രഭാതസവാരിക്കിറങ്ങിയവരാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. പിന്നീട് നടത്തിയ തെരച്ചിലിൽ കുഞ്ഞിനെ കണ്ടെത്തി. തുടർന്ന് ഗ്രാമവാസികൾ ചേർന്നുതന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കുഞ്ഞിന് ഉറുമ്പുകളുടെ കടിയേറ്റതിന്റെ സാരമായ മുറിവുകളുണ്ടായിരുന്നു. ഹൈപ്പോതെർമിയയുടെ ലക്ഷണങ്ങളുള്ളതായും സ്ഥിരീകരിച്ചു. കുഞ്ഞ് നിലവിൽ ചികിത്സയിൽ തുടരുകയാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നുമാണ് ഡോക്‌ടർമാർ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |