തിരുവനന്തപുരം: ശബരിമലയിൽ നിന്ന് സ്വർണം അടിച്ചുമാറ്റിയതിൽ ദേവസ്വം ബോർഡിനും സർക്കാരിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോടിക്കണക്കിന് അയ്യപ്പ ഭക്തരെ ഞെട്ടിച്ച വിഷയമാണിത്. ശബരിമലയിലെ സ്വർണം കവർച്ച ചെയ്യപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിൽ നിന്ന് സ്വർണം നഷ്‌ടപ്പെട്ടിട്ടുണ്ട് എന്നത് വളരെ വ്യക്തമാണ്. കിലോക്കണക്കിന് സ്വർണം അവിടെനിന്നും അടിച്ചുമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഡി സതീശന്റെ വാക്കുകൾ:
'യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് സ്വർണം കൊണ്ടുപോയിരിക്കുന്നത്. ഹൈക്കോടതിയുടെ കൃത്യമായ നിരീക്ഷണത്തിൽ മാത്രമേ ഇവിടെ നിന്ന് സാധനങ്ങൾ കൊണ്ടുപോകാൻ പാടുള്ളു. അമ്പലത്തിന്റെ പരിസരത്ത് വച്ചുതന്നെ സ്വർണം പൂശണം. അല്ലാതെ പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ല. 40 ദിവസം കഴിഞ്ഞാണ് സാധനം ചെന്നൈയിൽ എത്തിച്ചത്. 39 ദിവസവും ഈ സാധനം എവിടെയായിരുന്നു എന്ന് അന്വേഷിക്കണം. ചെമ്പിന്റെ ഇതേ മോഡലിലുള്ള ഒരു മോൾഡ് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ആ ദിവസം മുഴുവൻ. സ്വർണം ഫാക്‌ടറിയിലെത്തിയിട്ടില്ല. ഇവിടെവച്ച് തന്നെ അടിച്ചുമാറ്റിയിട്ടുണ്ട്.
ചെമ്പിൽ നിന്നും സ്വർണം പ്രത്യേകം എടുത്തുമാറ്റാൻ പറ്റാവുന്ന സാങ്കേതിക പ്രക്രിയയിലൂടെയാണ് സ്വർണം പൂശിയിരിക്കുന്നത്. ആവശ്യമുള്ളപ്പോൾ സ്വർണം അടിച്ചുമാറ്റാൻ വേണ്ടിത്തന്നെ പ്ലാൻ ചെയ്‌താണ് ഈ സാങ്കേതിക വിദ്യയുടെ ഉപയോഗം. ശബരിമലയിൽ നിന്ന് ഈ കാലയളവിൽ എന്തെല്ലാം അടിച്ചുമാറ്റിയിട്ടുണ്ടെന്ന് പരിശോധന നടത്തേണ്ട സമയമാണിത്. ഇപ്പോൾ നടക്കുന്ന അന്വേഷണം നടപടിക്രമങ്ങളെക്കുറിച്ചാണ്. അതല്ല സ്വർണം അടിച്ചുമാറ്റിയതിനെക്കുറിച്ചാണ് അന്വേഷിക്കേണ്ടത്.
ശബരിമലയിലെ സ്വർണം കവർച്ച ചെയ്യാൻ ദേവസ്വം ബോർഡ് അധികാരികളും സർക്കാരും എല്ലാം അറിഞ്ഞുകൊണ്ട് കൂട്ടുനിന്നു. ദേവസ്വം ബോർഡ് പ്രസിഡന്റും ഭരണാധികാരികളും സ്വർണം പോയതറിഞ്ഞിട്ടും അതിന് കൂട്ട് നിൽക്കുകയും കുടപിടിച്ച് കൊടുക്കുകയും ചെയ്‌തിട്ടുണ്ട്. അതുകൊണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റ് ഉടനെ രാജിവച്ച് പോകണം.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |