തിരുവനന്തപുരം: ചാക്ക ബ്രഹ്മോസിനു സമീപം മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ടുവയസുകാരി നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ, നിർണായകമായത് ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്റെ കൃത്യതയുള്ള വാദങ്ങളും.
ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ പൊലീസ് നടത്തിയ പിഴവില്ലാത്ത അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.പെൺകുട്ടി പീഡനത്തിനിരയായതായി വൈദ്യപരിശോധനയിൽ കണ്ടെത്താനായില്ലെങ്കിലും,ശാസ്ത്രീയ പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി തെളിഞ്ഞിരുന്നു. ഇത് പ്രോസിക്യൂഷൻ തെളിവുകൾ സഹിതം നിരത്തി വാദിച്ചു. കൊടുംക്രിമിനലായ ഹസൻകുട്ടി കുട്ടിക്കാലത്ത് ഗുജറാത്തിൽ നിന്നാണ് വർക്കലയിലെത്തിയത്. ജയിൽ ശിക്ഷയനുഭവിച്ച പോക്‌സോയിലടക്കം എട്ട് കേസിലെ പ്രതിയാണ്.
വർക്കല അയിരൂരിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം അലഞ്ഞുതിരിയവെയാണ് ചാക്കയിലെ കുഞ്ഞ് ഇയാളുടെ കണ്ണിലുടക്കിയത്.കുട്ടിയെ ഉപേക്ഷിച്ചശേഷം തമ്പാനൂരിലെത്തിയ പ്രതി ബസിൽ കയറി രക്ഷപ്പെട്ടു. സംഭവം നടന്ന് ഒരാഴ്ചയ്ക്കുശേഷമാണ് പ്രതിയെ കൊല്ലത്തുനിന്ന് അറസ്റ്റ് ചെയ്യുന്നത്.
മൊബൈൽ ഫോൺ വിരളമായി ഉപയോഗിക്കുന്ന സ്വഭാവക്കാരനായതിനാൽ സി.സി ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്.
രക്ഷകരായതും പൊലീസ്
2024 ഫെബ്രുവരി 19ന് നാടോടി സംഘത്തിൽനിന്ന് കുട്ടിയെ കാണാതായ വിവരമറിഞ്ഞയുടൻ അന്നത്തെ സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്.നാഗരാജുവിന്റെ നേതൃത്വത്തിൽ അന്നത്തെ ഡി.സി.പി നിധിൻരാജിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അച്ഛനമ്മമാരെയും കുട്ടിയുടെ സഹോദരങ്ങളെയും പേട്ട സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തു. ഒപ്പം കുട്ടിക്കുവേണ്ടി തിരച്ചിലും തുടങ്ങി. നാല് അസിസ്റ്റന്റ് കമീഷണർമാരെയും ആറ് സി.ഐമാരെയും ആറ് എസ്.ഐമാരെയും തിരച്ചിലിന് ചുമതലപ്പെടുത്തി.സൈബർ വിഭാഗത്തിന്റെ അഞ്ച് ടീമുകളാണ് സി.സി ടിവി പരിശോധിച്ചത്.അഞ്ച് ടീമുകൾ മൊബൈൽ ഫോൺ ടവറുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും നടത്തി. കുട്ടിയെ കാണാതായ സ്ഥലത്തുനിന്ന് നാലു ദിക്കിലേക്കും ഓരോ ടീമിനെ പരിശോധനയ്ക്കും നിയോഗിച്ചു. മറ്റ് നാടോടി സംഘങ്ങൾക്കും ഭിക്ഷാടകർക്കുമിടയിലായിരുന്നു പരിശോധന. പ്രദേശത്തെ കുറ്റിക്കാടുകളും മറ്റും പരിശോധിക്കാനായി രണ്ട് സംഘത്തെയും നിയോഗിച്ചു. ഉച്ചവരെയുള്ള തിരച്ചിലിൽ ഫലം കാണാതെവന്നതോടെ ഡ്രോൺ വിഭാഗം തിരച്ചിലാരംഭിച്ചു. ഇതാണ് നിർണായകമായത്.
ഡ്രോൺ പരിശോധനയും നിർണായകം
ബ്രഹ്‌മോസിന് പിൻഭാഗത്തായി ആരും ശ്രദ്ധിക്കാത്ത, റെയിൽവേ ട്രാക്കിന് സമീപത്തായുള്ള ഓട കണ്ടെത്തിയത് ഡ്രോൺ പരിശോധനയിലാണ്. കുഞ്ഞ് അവിടെയുണ്ടാകുമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം തെറ്റിയില്ല. ശൂന്യതയിൽനിന്ന് ആരംഭിച്ച അന്വേഷണം ശാസ്ത്രീയ രീതിയിൽ മുന്നോട്ട് കൊണ്ടുപോയതാണ് രാത്രി ഏഴരയാകുമ്പോഴേക്ക് കുട്ടിയെ അമ്മയ്ക്കരികിലെത്തിക്കാൻ പൊലീസിന് സഹായകമായത്.
അന്വേഷണസംഘം
ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്.നാഗരാജു,കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ
പി.നിഥിൻരാജ്,ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആർ.രാജപ്പൻ,പൊലീസ് ഇൻസ്പെക്ടർ കെ.ശ്രീജിത്ത്,പേരൂർക്കട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.ഉമേഷ്,പൊലീസ് ഇൻസ്പെക്ടർ സന്തോഷ്,സബ് ഇൻസ്‌പെക്ടർ അഭിലാഷ് മോഹൻ,പൊലീസ് സബ് ഇൻസ്പെക്ടർ സാബു,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എസ്.എസ്.സുജ,സിവിൽ പൊലീസ് ഓഫീസർ ഷിബു എന്നിവരടങ്ങുന്നതായിരുന്നു അന്വേഷണസംഘം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |