ജയ്പൂർ: രാജസ്ഥാനിലും മദ്ധ്യപ്രദേശിലും വ്യാജ കഫ് സിറപ്പ് കഴിച്ചതിനു പിന്നാലെ മരിച്ച കുട്ടികളുടെ എണ്ണം 11 ആയി. മദ്ധ്യപ്രദേശിലെ ഛിംദ്‌വാഡയിൽ ഇന്നലെ ഒമ്പത് കുട്ടികൾ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സികാറിലും ഭരത്പുരിലുമായി രണ്ടു കുട്ടികൾ മരിച്ചിരുന്നു. ഛിംദ്‌വാഡയിൽ മരിച്ച കുട്ടികളിൽ ആറുപേർക്ക് വൃക്ക തകരാറുകൾ കണ്ടെത്തി. സംഭവത്തിൽ മദ്ധ്യപ്രദേശ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. മരുന്നിന്റെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. കുട്ടികളിലെ വൃക്ക തകരാറിനും മരണത്തിനും കാരണം ചുമമരുന്നാണോയെന്ന് പരിശോധനകൾക്കു ശേഷമേ പറയാനുകുമെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, രാജസ്ഥാനിൽ ചുമമരുന്ന് കഴിച്ച് പത്തോളം പേർ ചികിത്സയിലാണ്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടറായ താരാചന്ദ് യോഗിയാണ് മരുന്ന് കുറിച്ചത്. കുട്ടികളുടെ മരണത്തിനു പിന്നാലെ മരുന്ന് സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്താൻ ഒരു ഡോസ് കഴിച്ച താരാചന്ദനെ പിന്നീട് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ അദ്ദേഹം ചികിത്സയിലാണ്. അതിനിടെ ഇതേ ലക്ഷണങ്ങളോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒന്നിനും അഞ്ചിനും ഇടയിൽ പ്രായമുള്ള എട്ട് കുട്ടികളെ രാജസ്ഥാനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുമ മരുന്നിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ രാജസ്ഥാൻ സർക്കാർ സിറപ്പിന്റെ 22 ബാച്ചുകൾ വിലക്കുകയും മരുന്നിന്റെ വിതരണം മരവിപ്പിക്കുകയും ചെയ്തു. കൂടാതെ അന്വേഷണത്തിൽ കെയ്മ ഫാർമ എന്ന കമ്പനിയുടെ മരുന്നാണ് കുട്ടികൾ കഴിച്ചതെന്ന് കണ്ടെത്തി. അതേസമയം, ഗുണനിലവാരമില്ലാത്തതിനാൽ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന കെയ്മ ഫാർമ നിരവധി തവണ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതായും റിപ്പോർട്ടുണ്ട്. സാഹചര്യം കൂടുതൽ വഷളാവാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായി പര്യേഷ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ശുഭം യാദവ് അറിയിച്ചു.
അതിനിടെ നാഷണൽ സെൻട്രൽ ഫോർ ഡിസീസ് കൺട്രോൾ നടത്തിയ 500 പരിശോധന ഫലങ്ങൾ നെഗറ്റീവാണെന്നും സംസ്ഥാന സർക്കാരാണ് വിഷയത്തിൽ അന്വേഷണം നടത്തുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മരുന്നിന് നിരോധിച്ച്
തമിഴ്നാട്
കഫ് സിറപ്പ്കഴിച്ച് കുട്ടികൾ മരിച്ചസംഭവത്തിൽമരുന്നിന്നിരോധനംഏർപ്പെടുത്തിതമിഴ്നാട് സർക്കാർ. കോൾഡ്രിഫ് എന്ന പേരിലുള്ള മരുന്നാണ് നിരോധിച്ചതെന്ന് തമിഴ്നാട് ഡ്രഗ്സ് കൺട്രോൾ വിഭാഗംഅറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലേയും കുട്ടികൾ കോൾഡ്രിഫ് കഴിച്ചിരുന്നുവെന്നും അതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കോൾഡ്രിഫ് നിരോധിക്കാൻ തമിഴ്നാട് ഡ്രഗ്സ് കൺട്രോൾ വിഭാഗം തീരുമാനമെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |