വാഷിംഗ്ടൺ: യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ (26) ആണ് കൊല്ലപ്പെട്ടത്. പെട്രോൾ പമ്പിൽ പാർട്‌ടൈമായി ജോലി ചെയ്തു വരികയായിരുന്നു ചന്ദ്രശേഖർ. വെള്ളിയാഴ്ച രാത്രി പമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് അജ്ഞാതൻ പോളിനെ വെടിവച്ച് കൊലപ്പെടുത്തിയത്.
പോൾ ഹൈദരാബാദിൽ ഡെന്റൽ സർജറിയിൽ ബിരുദം നേടിയിരുന്നു. 2023ലാണ് ഉപരിപഠനത്തിനായി യുഎസിലേക്ക് എത്തിയത്. ആറ് മാസം മുമ്പ് ബിരുദാനന്തര ബിരുദവും നേടി. ഒരു സ്ഥിരജോലിയ്ക്കായുള്ള അന്വേഷണത്തിലായിരുന്നു പോൾ. പോളിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ സർക്കാരിന്റെ സഹായം തേടിയിരിക്കുകയാണ് കുടുംബം.
ബിആർഎസ് എംഎൽഎ സുധീർ റെഡ്ഡിയും മുൻ മന്ത്രി ടി.ഹരീഷ് റാവുവും ഹൈദരാബാദിലെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളോട് സംസാരിക്കുകയും ചെയ്തു. വലിയ ഉയരങ്ങളിൽ എത്തുമെന്ന് അവർ വിശ്വസിച്ചിരുന്ന മകൻ ഇനി ഇല്ലെന്ന് അറിയുമ്പോൾ മാതാപിതാക്കൾ അനുഭവിക്കുന്ന വേദന ഹൃദയം തകർക്കുന്നതാണെന്ന് റാവു പറഞ്ഞു. ചന്ദ്രശേഖറിന്റെ ഭൗതികാവശിഷ്ടങ്ങൾ എത്രയും വേഗം ജന്മനാട്ടിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |