കറാച്ചി: പാക് അധീന കാശ്മീരിലെ അവകാശ ലംഘനങ്ങൾ അന്താരാഷ്ട്രതലത്തിൽ ചർച്ചയായ പിന്നാലെ, പാകിസ്ഥാനി പൊലീസിന്റെ അതിക്രമങ്ങൾക്കെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്ത്. ഇസ്ലാമാബാദിലെ നാഷണൽ പ്രസ് ക്ലബ്ബിലുണ്ടായ പൊലീസ് അതിക്രമമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ക്ലബ്ബിലേക്ക് ഇരച്ചുകയറിയ പൊലീസ് അവിടെയുണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തകരെയും പ്രതിഷേധക്കാരെയും മർദ്ദിച്ചു.
ക്യാമറയടക്കം പ്രസ് ക്ലബ്ബിലെ ഉപകരണങ്ങൾ അടിച്ചു തകർത്തു. പാക് അധീന കാശ്മീരിൽ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന അവാമി ആക്ഷൻ കമ്മിറ്റിയിലെ (എ.എ.സി) അഭിഭാഷക സംഘം സമാധാനപരമായി പ്രതിഷേധിക്കവെ ആയിരുന്നു പൊലീസിന്റെ അതിക്രമം.
ക്ലബ്ബിന് പുറത്താണ് പ്രതിഷേധം നടന്നതെന്നും പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാരിൽ ചിലർ ക്ലബ്ബിനുള്ളിലേക്ക് ഓടിക്കയറിയെന്നുമാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ മാദ്ധ്യമ പ്രവർത്തകരെ പോലും വെറുതെ വിടാതെ ക്ലബ്ബിനുള്ളിൽ പൊലീസ് ലാത്തിച്ചാർജ് നടത്തിയത് എന്തിനെന്നതിൽ മറുപടിയില്ല. ആക്രമണത്തെ ശക്തമായി അപലപിച്ച ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ ഒഫ് പാകിസ്ഥാൻ, അടിയന്തര നടപടി ആവശ്യപ്പെട്ടു.
അതേ സമയം, അടിസ്ഥാന അവകാശങ്ങൾക്കായി പാക് അധീന കാശ്മീരിലെ ജനങ്ങൾ നയിക്കുന്ന പ്രതിഷേധത്തിന് പരിഹാരം കാണാൻ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 12 സാധാരണക്കാർ കൊല്ലപ്പെട്ടു. സെപ്തംബർ 29നാണ് പ്രതിഷേധം തുടങ്ങിയത്. കാശ്മീരി അഭയാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള 12 നിയമസഭാ സീറ്റുകൾ റദ്ദാക്കണം, വൈദ്യുതിക്കും മറ്റും സബ്സിഡി നൽകണം തുടങ്ങിയ ആവശ്യങ്ങൾ ജനങ്ങൾ ഉന്നയിക്കുന്നു. മേഖലയിൽ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ വിച്ഛേദിച്ചതിനെതിരെയും രോഷം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |