ഇസ്ലാമാബാദ്: പാക് അധീനകാശ്മീരിലെ സർക്കാർ വിരുദ്ധപ്രക്ഷോഭം വിജയിച്ചു. സമരക്കാരുമായി അധികൃതർ നടത്തിയ ചർച്ച വിജയത്തിൽ എത്തുകയായിരുന്നു. സമരക്കാർ ഉന്നയിച്ച 38 ആവശ്യങ്ങളിൽ 25എണ്ണവും അംഗീകരിച്ചതായാണ് റിപ്പോർട്ട്. മറ്റുവഴികൾ ഇല്ലാതെ വന്നതോടെയാണ് ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പാക് അധീനകാശ്മീരിലെ (പിഒകെ) 12 നിയമസഭാ സീറ്റുകളിൽ കാശ്മീരി അഭയാർത്ഥികൾക്കുളള സംവരണം അവസാനിപ്പിക്കുക, ഗോതമ്പുമാവിന് സബ്സിഡി നൽകുക, സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കുക, വൈദ്യുതിനിരക്ക് കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ച് കഴിഞ്ഞമാസം 29നായിരുന്നു പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭത്തെ അടിച്ചമർത്താൻ സർക്കാർ എല്ലാ മാർഗങ്ങളും പുറത്തെടുത്തെങ്കിലും പിന്മാറാൻ പ്രതിഷേധക്കാർ തയ്യാറായില്ല. തുടർന്നാണ് ചർച്ചനടത്തി ആവശ്യങ്ങൾ അംഗീകരിച്ചത്. ശേഷിക്കുന്ന ആവശ്യങ്ങളിലും ഉടൻ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
സമരം വിജയിച്ചതോടെ പ്രതിഷേധക്കാർ വീടുകളിലേക്ക് മടങ്ങുകയാണെന്ന് പാക് പാർലമെന്ററികാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി പറഞ്ഞു. 'ഞങ്ങളുടെ പ്രതിനിധി സംഘം ജമ്മുകാശ്മീർ ജോയിന്റ് അവാമി അക്ഷൻ കമ്മിറ്റി പ്രതിനിധികളുമായി ചർച്ച നടത്തി. അന്തിമകരാറിൽ ഒപ്പുവച്ചു. പ്രതിഷേധക്കാർ അവരവരുടെ വീടുകളിലേക്ക് മടങ്ങുകയാണ്. എല്ലാ റോഡുകളും വീണ്ടും തുറന്നു'- എന്നാണ് താരിഖ് ഫസൽ ചൗധരി പറഞ്ഞത്. ചർച്ചകൾ വിജയിച്ചതിനെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സ്വാഗതം ചെയ്തിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിച്ചതും പ്രദേശം സാധാരണ നിലയിലേക്ക് മടങ്ങിയതും നല്ലൊരു സംഭവ വികാസമാണെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
സംഘർഷത്തിൽ പത്തുപേരാണ് ഇതുവരെ മരിച്ചത്. പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച പ്രദേശത്ത് മൊബൈൽ, ഇന്റർനെറ്റ്, ലാൻഡ് ലൈൻ സേവനങ്ങൾ അധികൃതർ നിരോധിച്ചിരുന്നു. എന്നിട്ടും പ്രതിഷേധം അവസാനിക്കാതെ വന്നതോടെയാണ് ചർച്ചനടത്താൻ തയ്യാറായത്. പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമർത്തുന്നതിനെതിരെ ഇന്ത്യ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |