തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രസിഡന്റ് പി.എസ് പ്രശാന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. 407 ഗ്രാം സ്വർണം ലോക്കറിൽ ഉണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണപ്പാളി കൊടുത്തുവിട്ടിട്ടില്ല. മന്ത്രി വി.എൻ.വാസവനുമായി ഇന്നലെ ഇക്കാര്യം ചർച്ച ചെയ്തു. എല്ലാ വിഷയങ്ങളിലും സമഗ്രാന്വേഷണം ഹൈക്കോടതിയിൽ ആവശ്യപ്പെടും. സ്വർണപ്പാളി ചെന്നൈയിലേക്ക് കൊണ്ടുപോയത് വ്യവസ്ഥകൾ പാലിച്ചാണ്. മഹസർ തയ്യാറാക്കി പൊലീസ് അകമ്പടിയോടെയാണ് സ്വർണം കൊണ്ടുപോയത്.
1998ലാണ് വിജയ് മല്യ സ്വർണം പൂശിയത്.രണ്ടു ദ്വാരപാലക ശിൽപങ്ങൾക്ക് 14 പാളികളിലായി 38 കിലോ ഭാരമുണ്ട്.അതിൽ സ്വർണത്തിന്റെ സാന്നിധ്യം 397 ഗ്രാമാണ്. 12 പാളി മാത്രമാണ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത്. അതിന് 281 ഗ്രാം സ്വർണം അടക്കം 22 കിലോ തൂക്കമുണ്ട്.
ചെന്നൈയിൽ കേവലം 10 ഗ്രാമാണ് നവീകരണത്തിന് ഉപയോഗിച്ചത്. കോടതി ഉത്തരവ് പ്രകാരം നവീകരണത്തിന് ശേഷം തിരിച്ചുകൊണ്ടുവന്നപ്പോൾ സ്വർണത്തിന്റെ അളവ് 291 ഗ്രാം ആയി. ഇപ്പോൾ 14 പാളികളായി 38 കിലോയും 407 ഗ്രാം സ്വർണവുമുണ്ട് . അതു ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഒക്‌ടോബർ 17ന് ദ്വാരപാലക ശിൽപത്തിൽ സ്വർണപ്പാളി സ്ഥാപിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സേവനം ബോർഡ് തേടിയത് ചെന്നൈ കമ്പനിയുമായി 40 വർഷത്തെ വാറന്റി കരാർ അദ്ദേഹത്തിന്റെ പേരിൽ ആയതുകൊണ്ടാണ്.
ഉണ്ണികൃഷ്ണൻ പോറ്റിയാണ് വ്യാജ ആരോപണവുമായി വന്നത്. അദ്ദേഹം തന്നെ പെട്ടു. നാലു കിലോഗ്രാം സ്വർണം കുറഞ്ഞു എന്നു പറഞ്ഞ് എത്തിയ പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഒന്നും മിണ്ടുന്നില്ല. ദേവസ്വം വിജിലൻസിനെ പേടിച്ച് ഇറങ്ങി ഓടിയ യു.ഡി.എഫ് അംഗങ്ങളുടെ ഭരണകാലമുണ്ട്.
ദേവസ്വം മന്ത്രിയുടെയും തന്റേയും കൈകൾ ശുദ്ധമാണ്. അന്വേഷണം വരുന്നതിൽ പേടിയില്ല. 2019ൽ ചെമ്പ് പാളി എന്നു രേഖപ്പെടുത്തിയത് അടക്കമുള്ള വിഷയം കോടതിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |