ചെന്നൈ: 41 പേരുടെ ജീവൻ അപഹരിച്ച കരൂർ ദുരന്തമുണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടും കേസിൽ പ്രതിചേർത്തിട്ടുള്ള ടി.വി.കെ ജനറൽ സെക്രട്ടറി എൻ. ആനന്ദ്, ജോയിന്റ് ജനറൽ സെക്രട്ടറി നിർമ്മൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്യാൻ മടിച്ച് തമിഴ്നാട് പൊലീസ്. മദ്രാസ് ഹൈക്കോടതി നിശിതമായി വിമർശിച്ചിട്ടും ടി.വി.കെ പ്രസിഡന്റ് വിജയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തതുമില്ല.
അതേസമയം അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ടായാൽ വിജയ്‌യെ അറസ്റ്റു ചെയ്യാൻ മടിക്കില്ലെന്നാണ് ഇന്ന് രാവിലെ ഡി.എം.കെ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ ദുരൈമുരുകൻ പറഞ്ഞത്.
എന്നാൽ ഏകപക്ഷീയമായ നടപടി ഉണ്ടാകില്ലെന്നും അദ്ദേഹം വെല്ലൂരിൽ മാദ്ധ്യമങ്ങളോടു പറഞ്ഞു.
'വിജയ്ക്ക് നേതൃപാടവമില്ലെന്ന് ജഡ്ജി പറഞ്ഞത് ശരിയാണ്. സാഹചര്യങ്ങൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ, ഞങ്ങൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യും, പക്ഷേ വേട്ടയാടലോ അനാവശ്യ അറസ്റ്റുകളോ ഉണ്ടാകില്ല.'- ദുരൈമുരുകന്റെ വാക്കുകളിൽ തന്നെ സർക്കാരിന്റെ 'മൃദുസമീപനം' വ്യക്തമാണ്.
കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് റാലികൾക്കായി സമഗ്രമായ മാതൃകാ നടപടിക്രമം (എസ്.ഒ.പി) കൊണ്ടുവരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നലെ പറഞ്ഞു.
ഇതുസംബന്ധിച്ച് വിദഗ്ധരുമായും രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായും പൊതുജനങ്ങളുമായി കൂടിയോലോചന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ രാഷ്ട്രീയപാർട്ടികളുടെ സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു. 41 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തെ കുറിച്ച് അന്വേഷണം നടത്താൻ ഐ.ജി അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ, മുഴുവൻ സത്യവും വെളിച്ചത്തുകൊണ്ടുവരുമെന്ന് ഞാൻ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. എല്ലാ തലങ്ങളിലും ഉത്തരവാദിത്തം ഉറപ്പാക്കും. ഇന്ത്യയിലെ പല മേഖലകളിലും മുൻപന്തിയിൽ നിൽക്കുന്ന തമിഴ്നാട്, തിക്കിലും തിരക്കിലും പെട്ട സംഭവങ്ങൾ തടയുന്നതിൽ രാജ്യത്തിന് മാതൃകയാകും'.
ദുരന്തത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കരൂർ ദുരന്തത്തിനു പിന്നിൽ ഡി.എം.കെ ഗൂഢാലോചനയുണ്ടെന്ന് ടി.വി.കെ അദ്ധ്യക്ഷൻ വിജയ് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, അരുണ ജഗദീശൻ കമ്മീഷൻ അതിന്റെ കണ്ടെത്തലുകൾ സമർപ്പിക്കുന്നതുവരെ ഒരു രാഷ്ട്രീയ പരാമർശവും നടത്തില്ലെന്ന നിലപാടിലാണ് സ്റ്റാലിൻ.
വിജയ്‌യുടെ വാഹനം കസ്റ്റഡിയിലെടുക്കാൻ പൊലീസ്
ഇരുചക്രവാഹനത്തിൽ ഇടിച്ച വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ നാമക്കൽ പൊലീസ് തീരുമാനിച്ചു. ഹൈക്കോടതിയുടെ വിമർശനത്തെ തുടർന്നാണ് തീരുമാനം. വാഹനം പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്യാത്തതെന്താണെന്നു കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
കോടതിയുടെ നിർദ്ദേശപ്രകാരം, കരൂർ സിറ്റി പോലീസ് സ്റ്റേഷനിൽ നിന്നുള്ള അന്വേഷണ രേഖകൾ ചെന്നൈയിലേക്ക് കൊണ്ടുപോയി എസ്.ഐ.ടിക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |