തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയുടെ പുതിയ പ്രമോ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. മലപ്പുറം എഫ്സിയുടെ ഉടമകളിലൊരാളായ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും തിരുവനന്തപുരം കൊമ്പൻസിന്റെ ഉടമകളിൽ ഒരാളായ ഡോ. ശശി തരൂരും തമ്മിലുള്ള ഫോൺ കോളാണ് വീഡിയോയിൽ ഉള്ളത്. ഇരുവരും തമ്മിലുള്ള സംഭാഷണം ഇതിനോടകം മലയാളികൾ ഏറ്റെടുത്ത് കഴിഞ്ഞു.
ആദ്യമായാണ് സഞ്ജു എസ്എൽകെയുടെ പ്രമോ വീഡിയോയിൽ വരുന്നത്. വീഡിയോയുടെ തുടക്കത്തിൽ 'സാർ ബാറ്റിംഗിൽ എന്തെങ്കിലും ടിപ്സ് തരാൻ വിളിക്കുകയാണോ'യെന്ന് സഞ്ജു ചോദിക്കുന്നു. ശശി തരൂരിനോടാണ് ചോദ്യം. ക്രിക്കറ്റിനെക്കുറിച്ചല്ല ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാനാണ് വിളിക്കുന്നതെന്നാണ് ശശി തരൂരിന്റെ മറുപടി. പിന്നാലെ സൂപ്പർ ലീഗ് കേരള കിരീടം ഇത്തവണ തിരുവനന്തപുരം കൊമ്പൻസ് നേടുമെന്നും തരൂർ പറയുന്നു.
മലപ്പുറം ഉള്ളടത്തോളം കാലം തിരുവനന്തപുരത്തിന് ജയം എളുപ്പമാകില്ലെന്നും സഞ്ജു പറയുന്നുണ്ട്. ഹിന്ദിയിലായിരുന്നു പ്രതികരണം. നമുക്ക് കാണാമെന്ന് തരൂരും ഹിന്ദിയിൽ പറയുന്നു. 'എന്താ സാർ ഒരു ഭീഷണിയുടെ സ്വരം' എന്ന് സഞ്ജു ചോദിക്കുന്നു. ഇതിന് കടുകട്ടി ഇംഗ്ലീഷിലാണ് തരൂരിന്റെ മറുപടി. പിന്നാലെ 'രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി അയയ്ക്കാൻ നോക്കരുത് സാർ' എന്ന് സഞ്ജു ഹിന്ദിയിൽ മറുപടി നൽകുന്നതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോ ഇതിനോടകം ജനശ്രദ്ധ നേടി കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |