തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബാനറുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്. ശബരിമലയിലെ സ്വർണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ശബരിമല പ്രശ്നം സഭയിൽ കൊണ്ട് വരാൻ സർക്കാർ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യോത്തരവേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി.
പിന്നാലെ നടുത്തളത്തിലിറങ്ങി ശരണം വിളിച്ച് പ്രതിഷേധിച്ചു. 'അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ' എന്നാണ് ബാനറിലുണ്ടായിരുന്നത്. ഇതോടെ ഭരണപക്ഷവും എഴുന്നേറ്റ് ബഹളം വച്ചു. പ്രതിഷേധം കനത്തതോടെ ചോദ്യോത്തരവേള റദ്ദാക്കി സഭ താൽക്കാലികമായി നിർത്തിവച്ചു.
അതേസമയം, സ്വർണപ്പാളി വിവാദത്തിൽ കഴിഞ്ഞദിവസങ്ങളിൽ മുഖ്യ സ്‌പോൺസർ ഉണ്ണിക്കൃഷ്‌ണൻ പോറ്റി നൽകിയ മൊഴിയിൽ അടിമുടി ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലൻസ് അറിയിച്ചു. സ്പോൺസർ- ദേവസ്വം ഉദ്യോഗസ്ഥ കൂട്ടുകെട്ട് സംഭവത്തിലുണ്ടായി എന്നാണ് നിഗമനം. ഉദ്യോഗസ്ഥർ അന്വേഷണത്തിൽ ഉരുണ്ടുകളിക്കുന്നതായും ദേവസ്വം വിജിലൻസ് നിഗമനമുണ്ട്. സംഭവത്തിൽ വിശദമായൊരു അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ വ്യാഴാഴ്‌ച റിപ്പോർട്ട് നൽകും.
ശബരിമലയിൽ നിന്ന് 2019ൽ സ്വർണംപൂശാൻ ചെന്നൈയിൽ കൊണ്ടുപോയ ദ്വാരപാലക ശില്പങ്ങളിലെ പാളികൾ തിരികെ സന്നിധാനത്ത് സ്ഥാപിച്ചപ്പോൾ തയ്യാറാക്കിയ മഹസറിലും ദുരൂഹതയുണ്ട്. ശബരിമല ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സമ്പത്തിന്റെ ഔദ്യോഗിക സംരക്ഷകനായ തിരുവാഭരണം കമ്മിഷണറോ, അവയുടെ ഗുണമേൻമയും അളവും സാക്ഷ്യപ്പെടുത്തേണ്ട ദേവസ്വം സ്‌മിത്തോ, നടപടിക്രമങ്ങൾ നിരീക്ഷിക്കേണ്ട വിജിലൻസ് ഉദ്യോഗസ്ഥനോ ഒപ്പുവച്ചിട്ടില്ല. ചെമ്പുപാളികളിൽ പൂശാൻ ഉപയോഗിച്ച സ്വർണത്തിന്റെയും ചെമ്പിന്റെയും അളവും തൂക്കവും മൂല്യവും മഹസറിൽ വിവരിച്ചിട്ടില്ല. എന്നാൽ 2019ൽ മഹസറിൽ ധാരണപിഴവാണ് സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥർ മൊഴി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |