പാലക്കാട്: ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പ്ലാസ്റ്റർ ഇട്ടതിലെ പിശകല്ല കുട്ടിയുടെ കൈമുറിക്കാൻ കാരണമെന്നും മുറിവ് ആഴമുള്ളതായിരുന്നില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രീ വിശദീകരിച്ചു. സെപ്തംബർ 24,25,26 എന്നീ മുന്ന് ദിവസങ്ങളിലാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ട് വന്നതെന്ന് സൂപ്രണ്ട് പറഞ്ഞു. കൈയ്യിൽ നീരുണ്ടെങ്കിൽ ആശുപത്രിയിൽ എത്തിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടും കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചില്ലെന്ന് സൂപ്രണ്ട് ആരോപിച്ചു. ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഡോ. ജയശ്രീ പറഞ്ഞു.
സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് പിഴവില്ലെന്ന് കാണിച്ചുള്ള അന്വേഷണ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നതിന് പിന്നാലെയാണ് സൂപ്രണ്ടിന്റെ പ്രതികരണം. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിക്ക് കൃത്യമായ ചികിത്സ തന്നെയാണ് നൽകിയതെന്നും സെപ്തംബർ 30 ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കൈയ്യിലെ രക്തയോട്ടം നിലച്ചിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാരാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് ഡിഎംഒയ്ക്ക് കൈമാറി. വിഷയത്തിൽ ഡോക്ടർമാരെ പിന്തുണച്ചുകൊണ്ട് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും രംഗത്ത് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |