ദിവസവും ആയിരക്കണക്കിന് ഭക്തർ എത്തുന്നയിടമാണ് വാറങ്കലിലൂളള നാഗേന്ദ്ര സുബ്രഹ്മണ്യേശ്വര സ്വാമി ക്ഷേത്രം. വാറങ്കൽ നഗരത്തിൽ നിന്ന് വെറും 12 കിലോമീറ്റർ അകലെയാണ് ഈ പുണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മറ്റ് സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ ദേവൻ സർപ്പരൂപത്തിലാണ് നിലകൊള്ളുന്നത്. 40 വർഷങ്ങൾക്ക് മുൻപ് ഒരു അത്ഭുതകരമായ സംഭവത്തെ തുടർന്നാണ് ക്ഷേത്രം രൂപംകൊണ്ടത്.
ഒരു കർഷകൻ കുന്നിൻ മുകളിൽ ഒരു പ്രത്യേക രൂപം പ്രത്യക്ഷപ്പെടുന്നതായി സ്വപ്നം കണ്ടു. തുടർന്ന് ഗ്രാമവാസികളുടെ സഹായത്തോടെ അദ്ദേഹം കുന്നിൻമുകളിൽ ഒരു ക്ഷേത്രം നിർമിക്കുകയും ദിവസവുമുളള ആരാധന ആരംഭിക്കുകയുമായിരുന്നു. വള്ളി ദേവസേന സഹിതമുളള സുബ്രഹ്മണ്യേശ്വര സ്വാമിയുടെ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. മുല്ലപ്പൂ മാലകൾ കൊണ്ട് ഈ വിഗ്രഹം അലങ്കരിക്കുന്നത് ശ്രദ്ധേയമാണ്.
എല്ലാ ചൊവ്വാഴ്ചകളിലും സുബ്രഹ്മണ്യ സ്വാമിക്ക് പഞ്ചാമൃത അഭിഷേകം നടത്തുന്നത് ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ്. ഇതിനോടൊപ്പം പ്രത്യേക പുഷ്പാലങ്കാരവും നടത്തുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നും ആയിരകണക്കിന് ഭക്തരാണ് ഇവിടേക്കെത്തുന്നത്. ശ്രാവണ മാസത്തിലെ നാഗുല പഞ്ചമി. കാർത്തികയിലെ നാഗുല ചവിതി, ഡിസംബർ മാസത്തിലെ സുബ്രഹ്മണ്യേശ്വര കല്യാണ മഹോത്സവം എന്നിവ ഇവിടെ വിപുലമായ ആഘോഷത്തോടെയാണ് നടത്തപ്പെടുന്നത്. ഈ അവസരങ്ങളിൽ ആയിരക്കണക്കിന് ഭക്തരാണ് സ്വാമിയുടെ അനുഗ്രഹം തേടിയെത്തുന്നത്. ഇഷ്ടവിവാഹം നടക്കുന്നതിനും സന്താനലബ്ധിയും ഉൾപ്പെടെ മനസിലെ ഏത് ആഗ്രഹവും ഇവിടെയെത്തിയാൽ നടക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |