
വീട് എപ്പോഴും പോസിറ്റീവ് ഊർജത്തോടെയിരിക്കാനായി ഭൂരിഭാഗംപേരും ഇന്ന് വാസ്‌തു നോക്കാറുണ്ട്. വീട് വയ്‌ക്കുമ്പോൾ മാത്രമല്ല അതിന് ശേഷം വീടിനുള്ളിൽ ഓരോ വസ്‌തുക്കൾ സ്ഥാപിക്കുമ്പോഴും വാസ്‌തു നോക്കണം. ഇത് പിന്തുടർന്നാൽ നിങ്ങൾക്ക് ജീവിതത്തിൽ എപ്പോഴും സന്തോഷവും ഉയർച്ചയും ഉണ്ടാകുമെന്നാണ് വാസ്‌തു വിദഗ്ദ്ധർ പറയുന്നത്. ഇത്തരത്തിൽ വീടിന്റെ ഐശ്വര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ക്ലോക്ക്. കേൾക്കുമ്പോൾ നിസാരമായി തോന്നിയാലും ക്ലോക്ക് ഒരു വീട്ടിൽ വഹിക്കുന്ന പങ്ക് വലുതാണ്. അതിനാൽ ഇവ വയ്‌ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വീട്ടിലെ ക്ലോക്കുകൾ കൃത്യസ്ഥലത്ത് വയ്‌ക്കുന്നതിലൂടെ വീടിനുള്ളിൽ പോസിറ്റീവ് ഊർജം നിറയ്‌ക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. വാസ്‌തു പ്രകാരം ക്ലോക്ക് വയ്‌ക്കാൻ ഏറ്റവും അനുയോജ്യമായ ദിശകൾ കിഴക്കും വടക്കുമാണ്. വടക്ക് - കിഴക്ക് മൂലയിലും ക്ലോക്ക് സ്ഥാപിക്കാം. ഇത് പോസിറ്റീവ് ഊർജത്തെ വീടിനുള്ളിലേക്ക് ആകർഷിക്കും. വൃത്താകൃതി അല്ലെങ്കിൽ ദീർഘവൃത്താകൃതിയിലുള്ള ക്ലോക്കുകളാണ് വീട്ടിൽ വയ്‌ക്കാൻ അനുയോജ്യം. ഊർജ പ്രവാഹത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ആകൃതിയില്ലാത്തതും മൂർച്ചയുള്ളതുമായ അഗ്രഭാഗങ്ങൾ ഉള്ളതുമായ ക്ലോക്കുകൾ വയ്‌ക്കാതിരിക്കുന്നതാണ് ഉത്തമം.
അതുപോലെ കേടുപാടുകൾ സംഭവിച്ച ക്ലോക്കുകൾ വീട്ടിൽ വയ്‌ക്കാൻ പാടില്ല. തെറ്റായ സമയം കാണിക്കുന്ന ക്ലോക്കുകളുണ്ടെങ്കിൽ അത് എത്രയും വേഗം മാറ്റുകയോ നന്നാക്കിയെടുക്കുകയോ ചെയ്യണം. കിടപ്പുമുറിയിൽ കട്ടിലിന് നേരെ മുകളിലോ കിടക്കുമ്പോൾ കാണുന്ന രീതിയിലോ ക്ലോക്ക് വയ്‌ക്കാൻ പാടില്ല. ഇത് മാനസിക സമ്മർദവും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാക്കുമെന്നാണ് വിശ്വാസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |