ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. ചൂണ്ടലിലെ ഏലത്തോട്ടത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പന്നിയാർ സ്വദേശി ജോസഫ് വേലുച്ചാമിയാണ് (50) മരിച്ചത്. എലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ജോസഫിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. ജോസഫിനെ ആക്രമിച്ച കാട്ടാന ഉൾപ്പടെ എട്ട് കാട്ടാനകൾ ഇപ്പോഴും പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതിനാൽ മൃതദേഹം സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ സാധിച്ചിട്ടില്ല.
കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ നിലയുറപ്പിച്ചതോടെ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനും, അടിയന്തര സാഹചര്യങ്ങളിൽ വേണ്ടത്ര വേഗത്തിൽ നടപടി സ്വീകരിക്കാത്തതിനാൽ വനംവകുപ്പിന്റെയും റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെയും (ആർആർടി) ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്.
മേഖലയിൽ വന്യമൃഗശല്യം വർദ്ധിച്ചിട്ടും അധികൃതർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിൽ പൊലീസ്-വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ വനപാലകരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം മൂന്നാർ വന്യജീവി സങ്കേതത്തിന് കീഴിലുള്ള ചിന്നക്കനാൽ, സിങ്കുകണ്ടം, ആനയിറങ്കൽ പ്രദേശങ്ങളിൽ മാത്രം നാല്പതിലധികം പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |