SignIn
Kerala Kaumudi Online
Friday, 24 October 2025 8.56 AM IST

കള്ളന്മാരുണ്ടോ,​ അയ്യന്റെ സന്നിധിയിൽ നിയമിക്കാൻ!​

Increase Font Size Decrease Font Size Print Page
potti

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് അയ്യപ്പ വിശ്വാസികളുടെ ശരണകേന്ദ്രമാണ് ശബരിമല. സഹ്യസാനുക്കളിൽ പതിനെട്ട് മലകൾക്കു നടുവിൽ,​ പതിനെട്ട് പടികൾക്കു മുകളിലായി സ്ഥിതിചെയ്യുന്ന പുണ്യസങ്കേതം. ഭൂനിരപ്പിൽ നിന്ന് 4134 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന,​ സ്വർണം പൊതിഞ്ഞ പ്രശാന്തസുന്ദരമായ ക്ഷേത്രം. ഈ ക്ഷേത്രത്തെ അതിമനോഹരമാക്കാൻ ഉപയോഗിച്ച സ്വർണം സംരക്ഷിക്കേണ്ടവർ തന്നെ കൊള്ളയടിച്ചു എന്ന കണ്ടെത്തൽ ഞെട്ടലോടെയാണ് ഭക്തരും പൊതുസമൂഹവും കേട്ടത്. പല കാലത്തായി പലതരം വിവാദങ്ങൾ ശബരിമലയിൽ ഉയർന്നിട്ടുണ്ടെങ്കിലും സമാനതകളില്ലാത്ത,​ സംഘടിതവും ആസൂത്രിതവുമായ കൊള്ളയാണ് ഇപ്പോൾ നടന്നതെന്നാണ് കോടതിയുടെ ഇടപെടലോടെ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ സെപ്തംബർ ഏഴിനാണ് കോടതിയെപ്പോലും ഞെട്ടിച്ച സംഭവ വികാസങ്ങളുടെ തുടക്കം. മാസപൂജ കഴിഞ്ഞ് നട അടച്ചശേഷം,​ ശ്രീകോവിലിന് ഇരുവശവുമുള്ള ദ്വാരപാലക ശില്പങ്ങൾ പൊതിഞ്ഞിരുന്ന സ്വർണപ്പാളികൾ ദേവസ്വം ഉദ്യോഗസ്ഥർ ഇളക്കിയെടുത്ത് ചെന്നൈയിലേക്ക് കൊണ്ടുപോയി. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ദേവസ്വം ബോർഡിന്റെ പ്രവൃത്തിയെന്നു കാട്ടി സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിൽ റിപ്പോർട്ട് നൽകി.

സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി ദേവസ്വത്തിന് അയച്ച ഒരു കത്തും ഈ റിപ്പോർട്ടിനൊപ്പം ഉൾക്കൊള്ളിച്ചിരുന്നു. ശബരിമല സ്ട്രോംഗ് റൂമിൽ രണ്ട് സ്വർണ പീഠങ്ങൾ ഉള്ളതായാണ് കത്തിലെ വിവരം. ഇതിൽ അസ്വഭാവികത തോന്നിയ കോടതിയുടെ പിന്നീടുള്ള നടപടികളാണ് ശബരിമലയിൽ നടന്ന വൻ തട്ടിപ്പ് പുറത്തുവരാൻ ഇടയാക്കിയ അന്വേഷണത്തിന് തുടക്കം കുറിച്ചത്. കോടതി നിർദ്ദേശ പ്രകാരം ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പുകളുടെ പരമ്പരതന്നെയാണ് പുറത്തുവന്നത്.

സ്വർണം ചെമ്പായ

മറിമായം

1998 സെപ്തംബർ നാലിനാണ് ശബരിമല ശ്രീകോവിലും മേൽക്കൂരയും ദ്വാരപാലക ശില്പങ്ങളും ഉൾപ്പെടെ,​ 18 കോടി രൂപ ചെലവിൽ 30.3 കിലോ സ്വർണവും 1900 കിലോ ചെമ്പും ഉപയോഗിച്ച് പൊതിഞ്ഞ് യു.ബി ഗ്രൂപ്പിന്റെ ചെയർമാൻ വിജയ് മല്യ വഴിപാടായി സമർപ്പിച്ചത്. ഇതോടൊപ്പം നിർമ്മിച്ച സ്വർണപ്പാളികൾ 1999-ലാണ് ദ്വാരപാലക ശില്പത്തിൽ പിടിപ്പിച്ചത് . ഈ പാളികൾ 2019 ആയപ്പോഴേക്കും ദേവസ്വം രേഖകളിൽ ചെമ്പുപാളികളായി മാറി! ഈ ചെമ്പുപാളികളിൽ സ്വർണം പൂശി നൽകാൻ തയ്യാറാണെന്നു കാട്ടി ബംഗളൂരുവിൽ താമസമാക്കിയ മലയാളിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിനെ സമീപിച്ചു.

തുടർന്ന് ബോർഡ്,​ ശ്രീകോവിലിന്റെ വാതിലുകളുടെയും ദ്വാരപാലകശില്പങ്ങൾ പൊതിഞ്ഞ ചെമ്പുതകിടുകളുടെയും അറ്റകുറ്റപ്പണിക്ക് ഉത്തരവ് നൽകി. ഇതുപ്രകാരം കൈമാറിയ ചെമ്പുപാളികൾ 39 ദിവസത്തിനു ശേഷമാണ് ഇയാൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഫാക്ടറിയിലെത്തിച്ചത്. 42 കിലോ തൂക്കമുണ്ടായിരുന്ന പാളികളിൽ 394.6 ഗ്രാം സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ 38 കിലോയായി തൂക്കം കുറഞ്ഞതായി കോടതി കണ്ടെത്തി. തൂക്കം കുറഞ്ഞതിന്റെ കാരണം രേഖകളിൽ ഉൾപ്പെടുത്തിയിരുന്നുമില്ല. ഇതോടെ സ്വർണം പൂശലിന്റെ പേരിൽ ദേവസ്വം ബോർഡും ഉദ്യോഗസ്ഥരും സ്പോൺസറും ചേർന്നു നടത്തിയത് അടിമുടി തട്ടിപ്പാണെന്ന് കോടതിക്ക് ബോദ്ധ്യമാകുകയായിരുന്നു.

സ്വർണ പീഠങ്ങൾ സ്ട്രോംഗ് റൂമിലുണ്ടെന്നും,​ ചെമ്പുപാളികളാണ് ദ്വാരപാലക ശില്പത്തിൽ നിന്ന് ഇളക്കിയെടുത്തതെന്നുമുള്ള പ്രസ്താവനയുമായി 1999-ൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാർ രംഗത്തെത്തി. കോടതി നിയോഗിച്ച അന്വേഷണ സംഘം സ്വർണം പൂശിയ ദ്വാരപാലക പീഠങ്ങൾ സ്ട്രോംഗ് റൂമിൽ ഇല്ലെന്ന് കണ്ടെത്തുകയും,​ തുടർന്നു നടത്തിയ അന്വേഷണത്തിൽ സ്പോൺസറായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.

1999-ലെ മഹസറും രജിസറ്ററും അന്വേഷണസംഘം കണ്ടെടുക്കുകുയും ഇതിൽ,​ ദ്വാരപാലക ശില്പത്തിൽ പിടിപ്പിച്ചിരുന്നത് സ്വർണപ്പാളികളാണെന്ന് കണ്ടെത്തുകയുംചെയ്തു. ഇതോടെ ദ്വാരപാലക പാളികളിൽ സ്വർണം പൂശാൻ അനുമതി നൽകിയ പത്മകുമാർ തന്റെ നിലപാടിൽ നിന്ന് മലക്കംമറിഞ്ഞു. പാളികളിൽ സ്വർണം നേരിയ തോതിൽ പൂശിയിട്ടുണ്ടാകാമെന്നും തനിക്ക് ഇക്കാര്യം നല്ല ഓർമ്മയില്ലെന്നുമായിരുന്നു പുതിയ വിശദീകരണം!

തട്ടിപ്പ് മുമ്പും

നടത്തി

തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്പോൺസർഷിപ്പ് സ്വീകരിക്കുന്നതിലും സാധനങ്ങൾ വാങ്ങുന്നതിലും അടിമുടി തട്ടിപ്പെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന പല രേഖകളും. ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് കണ്ടെത്തിയാലും ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുകയും ഇവർക്കു വേണ്ട പരിരക്ഷ നൽകുകയും ചെയ്യുന്നത് പതിവ്. 1999-ൽ ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞിരുന്നത് ചെമ്പുപാളികളാണെന്ന് മഹസറും രജിസ്റ്ററും കളവായി തയ്യാറാക്കിയ ശബരിമല എക്സിക്യുട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദും,​ അസി. എക്സിക്യുട്ടീവ് ഓഫീസർ ജയപ്രകാശും മുമ്പും തട്ടിപ്പ് കേസിൽ പ്രതികളായിരുന്നു.

2018-ലെ മണ്ഡല- മകരവിളക്ക് കാലത്ത് നിലയ്ക്കലിൽ മെസിലേക്ക് പച്ചക്കറിയും പലചരക്ക് സാധനങ്ങളും വാങ്ങുന്നതിനായി കരാർ നൽകിയ ശേഷം ഇയാളുടെ പേരിൽ കോടികളുടെ തട്ടിപ്പു നടത്താൻ ശ്രമിച്ചു. 30,​00,​903 രൂപയുടെ സാധനങ്ങൾ നൽകിയപ്പോൾ 8, 28,​000രൂപ ചെക്കായും ബാക്കിതുക പണമായും നൽകാമെന്നാണ് അറിയിച്ചിരുന്നത്. പണം വാങ്ങാൻ വിസമ്മതിച്ച കോൺട്രാക്ടർ വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിൽ 1.50 കോടിയോളം രൂപ വൗച്ചർ എഴുതി കൈക്കലാക്കിയതായി കണ്ടെത്തി. ഇക്കാര്യം ചൂണ്ടികാട്ടി കോൺട്രാക്ടറായ കൊല്ലം സ്വദേശി ജയപ്രകാശ് ദേവസ്വം ബോർഡിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

തുടർന്ന് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ സംസ്ഥാന വിജിലൻസ് നടത്തിയ പരിശോധനയിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ജോലിയിൽ നിന്ന് മാറ്റിനിറുത്തുകയും ചെയ്തു. തുടർന്ന് എ. പത്മകുമാർ പ്രസിഡന്റായ ബോർഡ് ഇവരെ ജോലിയിൽ തിരിച്ചെടുക്കുകയും,​ ദേവസ്വം മാന്വൽ ലംഘിച്ച് ഇരുവരെയും ശബരിമലയുടെ കസ്റ്റോഡിയനായ എക്സിക്യുട്ടീവ് , അസി. എക്സിക്യുട്ടീവ് ഓഫീസർ പദവികളിൽ നിയമിക്കുകയും ചെയ്യുകയായിരുന്നു. കള്ളനെത്തന്നെ വേണമല്ലോ,​ താക്കോൽ എല്പിക്കാൻ!

(തുടരും)

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.