കളിക്കാനും പാടാനുമൊക്കെയുള്ള ഉത്സാഹം പഠനത്തിന്റെ കാര്യമെത്തുമ്പോൾ വിദ്യാർത്ഥികളിൽ ഇല്ലാതാകുന്നു. പരീക്ഷയെ നെഞ്ചിടിപ്പോടെയും സമ്മർദ്ദത്തോടെയും സമീപിക്കുമ്പോൾ പഠനകാലം ബാലികേറാമലയാകുന്നു. എന്നാൽ, പഠനത്തോടുള്ള സമീപനം മാറ്റിയാൽ പരീക്ഷകളെ ആസ്വദിക്കാനാകും. അതിനുള്ള ചില മാർഗങ്ങൾ വിഴിഞ്ഞം സീപോർട്ട് എം.ഡി ദിവ്യ എസ്.അയ്യർ പങ്കുവയ്ക്കുന്നു...
എന്തായിരുന്നു പഠനരീതി?
സ്കൂൾകാലം മുതൽ ഇന്നുവരെ പഠിക്കാൻ ഇഷ്ടമാണ്. എം.ബി.ബി.എസ് പോലെ വലിയൊരു കോഴ്സിന് ശേഷം എങ്ങനെയാണ് സിവിൽ സർവീസിന് തയ്യാറെടുക്കാനായതെന്ന് പലരും ചോദിക്കാറുണ്ട്. 'പഠിച്ചിട്ടേ കിടക്കാവു" എന്നൊന്നും മാതാപിതാക്കൾ നിഷ്‌കർഷിച്ചിട്ടില്ല. ഉറക്കമുളച്ച് പഠിക്കുമ്പോൾ 'മതി പഠിച്ചതെന്ന്" പറഞ്ഞിട്ടുമുണ്ട്. മിഠായി പോലുള്ള പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്ത് പഠിക്കാൻ പറയുന്ന 'ക്യാരറ്റ് ആൻഡ് സ്റ്റിക്ക്" സമീപനവും അവർ പ്രയോഗിച്ചില്ല. അറിവ് ആർജിക്കുന്നതായിരുന്നു പഠനലക്ഷ്യം.
പുസ്തകപ്പുഴു ആയിരുന്നോ?
ഒരിക്കലുമല്ല. പാട്ടും ഡാൻസുമൊക്കെ ചെയ്യുന്നത് പോലെയായിരുന്നു എനിക്ക് പഠനം. ഏറെക്കാലം പാട്ട് പഠിച്ച് വേദിയിൽ അരങ്ങേറുമ്പോൾ ലഭിക്കുന്ന സന്തോഷമായിരുന്നു പരീക്ഷ നന്നായി എഴുതിയപ്പോൾ ലഭിച്ചത്. പരീക്ഷ ഇല്ലാതാക്കിയാൽ കുട്ടികൾ സന്തോഷിക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ല.
വ്യക്തതയും അടിത്തറയും ഉണ്ടാവുന്നത്
പ്രധാനമാണല്ലോ?
അതെ. മറ്റൊരാൾക്ക് പഠിപ്പിച്ചുകൊടുക്കുന്ന രീതിയിലാണ് ഞാൻ പഠിച്ചത്. സ്കൂൾ വിട്ടുവന്ന് ബ്ലാക്ക്ബോർഡും ചോക്കുമെടുക്കും. അദ്ധ്യാപകർ പഠിപ്പിക്കുന്നപോലെ മുന്നിലെ സാങ്കല്പിക വിദ്യാർത്ഥികളെ പഠിപ്പിക്കും. ഒരു കാര്യം സ്വന്തം ഭാഷയിൽ പ്രകടിപ്പിക്കുമ്പോൾ മനഃപാഠമാക്കുന്നതിനെക്കാൾ ചിന്തകൾക്ക് വ്യക്തത ലഭിക്കും. ആ ബ്ലാക്ക്ബോർഡ് സിവിൽസർവീസുവരെ എന്റെയൊപ്പമുണ്ടായിരുന്നു. വീട്ടിലെ ചെടികൾക്കും ചെമ്പരത്തിപ്പൂവിനുമൊക്കെ ഫിസിക്സും കെമിസ്ട്രിയും അറിയാമായിരിക്കുമെന്ന് അമ്മ ഇന്നും കളിയാക്കും. അഭ്ഭുതമതല്ല. ഒന്നാംക്ലാസിൽ പഠിക്കുന്ന മകൻ അടുത്തിടെ എന്നെ അവന്റെ വിദ്യാർത്ഥിയാക്കി. ബ്ലാക്ക്ബോർഡിൽ എനിക്ക് കണക്ക് പഠിപ്പിച്ചുതന്നു. ആ നിമിഷം കാലചക്രം തിരിയുന്നതുപോലെ തോന്നി.
പഠിക്കാനുള്ള നുറുങ്ങുവിദ്യകൾ?
പഠനത്തിന് കുറുക്കുവഴികൾ ഉപയോഗിച്ചിട്ടില്ല. പരീക്ഷയ്ക്ക് മുൻപ് എടുത്തുനോക്കാൻ പാരഗ്രാഫുകളെക്കാൾ ബുള്ളറ്റ് പോയിന്റുകളും മൈൻഡ്മാപ്പുകളുമാണ് അനുയോജ്യം. ടെക്സ്റ്റ്ബുക്ക് പലവുരു വായിക്കും. റിവിഷൻ ചെയ്യും. അടുത്തവട്ടം പുസ്തകമെടുക്കുമ്പോൾ പരിചിതത്വം തോന്നാൻ പല കളറുകളാൽ മാർക്ക് ചെയ്യും.
സിവിൽസർവീസിലെ ഐച്ഛികവിഷയത്തിന്റെ പഠനത്തെക്കുറിച്ച്?
മെഡിസിനായിരുന്നു ഐച്ഛികവിഷയം. മറ്റ് വിഷയങ്ങളെപ്പോലെ നോട്ടുകളോ മെഡിസിൽ പഠിപ്പിക്കുന്ന കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളോ ഉണ്ടായിരുന്നില്ല. മെഡിസിൻ ഐച്ഛികമായെടുത്ത ചില സുഹൃത്തുക്കളുമായി ചേർന്ന് സിലബസ് വിഭജിച്ച് ഡയഗ്രാമുകൾ സഹിതം നോട്ടുകൾ തയാറാക്കി. പിന്നീട് കുറേ കുട്ടികൾ ഈ നോട്ടുകൾ ഉപയോഗിച്ചാണ് പഠിച്ചത്.
സംശയം ചോദിക്കുന്നതിന്റെ ആവശ്യകത?
അടുത്തിടെയൊരു കോൺക്ലേവിൽ പങ്കെടുക്കെ, ഐ.എ.എസ് ബാച്ച് മേറ്റായിരുന്നൊരു സുഹൃത്ത് 'ദിവ്യയുടെ സംശയങ്ങൾ കാരണം ക്ലാസ് തീർക്കാൻ സാധിക്കില്ലായിരുന്നുവെന്ന്..."നർമ്മത്തിൽ പറയുകയുണ്ടായി. സ്കൂൾതലം മുതൽ അദ്ധ്യാപകരോട് ധാരാളം സംശയങ്ങൾ ചോദിക്കാറുണ്ടായിരുന്നു. ഒരു കാര്യം മനസിലായാൽ സംശയം തോന്നുന്നത് സ്വാഭാവികമാണ്.
ഔദ്യോഗികജീവിതത്തിലും വിദ്യാർത്ഥി?
രണ്ടുവർഷം മുൻപ് വിഴിഞ്ഞം സീപോർട്ട് എം.ഡിയായപ്പോൾ ആദ്യം ചെയ്തത് 'ഏൻഷ്യന്റ് പോർട്ട് ഒഫ് ഇന്ത്യൻ ഓഷ്യൻ"എന്ന പുസ്തകം പഠിക്കുന്നതായിരുന്നു. ഭരണനിർവഹണം മാത്രം ചെയ്യാൻ അത്രയൊന്നും പഠിക്കേണ്ടതില്ല. എന്നാൽ മറ്റൊരു വിദ്യാഭ്യാസപശ്ചാത്തലത്തിൽ നിന്നുവരുന്ന എനിക്ക്
മികച്ച തീരുമാനങ്ങളെടുക്കാൻ അത് സഹായിച്ചു. ജീവിതകാലം മുഴുവൻ വിദ്യാർത്ഥിയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |