ലാ ലിഗയിൽ 4-1ന് ബാഴ്സലോണയെ കീഴടക്കി സെവിയ്യ
പെനാൽറ്റി പാഴാക്കി റോബർട്ട് ലെവൻഡോവ്സ്കി
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് വമ്പൻ ക്ളബ് ബാഴ്സലോണയെ കീഴടക്കി സെവിയ്യ. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയുടെ ഈ സീസണിലെ ആദ്യ തോൽവിയായിരുന്നു ഇത്. ഇതോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനവും ബാഴ്സ കൈവിട്ടു.
സെവിയ്യയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 11-ാം മിനിട്ടിൽ ആതിഥേയർക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധനയിൽ റദ്ദാക്കിയിരുന്നു. എന്നാൽ രണ്ട് മിനിട്ടിനകം സെവിയ്യയ്ക്ക് അനുകൂലമായി പെനാൽറ്റി എത്തുകതന്നെ ചെയ്തു. കിക്കെടുത്ത അലക്സിസ് സാഞ്ചസ് ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചു. 37-ാം മിനിട്ടിൽ വർഗാസിന്റെ പാസിൽ നിന്ന് ഇസാക്ക് റൊമേറോ ബാഴ്സയുടെ നെഞ്ചത്ത് അടുത്ത പ്രഹരവുമേൽപ്പിച്ചു. എന്നാൽ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ മാർക്കസ് റാഷ്ഫോർഡിലൂടെ സ്കോർ ചെയ്ത് ബാഴ്സ തിരിച്ചുവരവിന്റെ സൂചനനൽകിയാണ് ഇടവേളയ്ക്ക് പിരിഞ്ഞത്.
രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി ബാഴ്സ കളം പിടിക്കാൻ ശ്രമിച്ചെങ്കിലും 76-ാംമിനിട്ടിൽ ലഭിച്ച പെനാൽറ്റി സ്റ്റാർ സ്ട്രൈക്കർ റോബർട്ട് ലെവാൻഡോവ്സ്കി പാഴാക്കിയത് തിരിച്ചടിയായി. 90-ാം മിനിട്ടിൽ ജോസ് കാർമോണയിലൂടെയാണ് സെവിയ്യ തങ്ങളുടെ മൂന്നാം ഗോൾ നേടിയത്. കളി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കേ അകോർ ആദംസിലൂടെ സെവിയ്യ നാലാം ഗോളും നേടി തങ്ങളുടെ വിജയം അവിസ്മരണീയമാക്കി.
2015 ഒക്ടോബറിന് ശേഷം ആദ്യമായാണ് സെവിയ്യ ബാഴ്സലോണയെ തോൽപ്പിക്കുന്നത്. ബാഴ്സയ്ക്ക് എതിരായ കഴിഞ്ഞ 19 മത്സരങ്ങളിൽ ഒന്നിൽപോലും ജയിക്കാൻ ബാഴ്സയ്ക്ക് കഴിഞ്ഞിരുന്നില്ല.15 തവണ തോറ്റപ്പോൾ നാലുകളികൾ സമനിലയിലാക്കാനായി.
രണ്ടടി മുന്നിൽ റയൽ
സെവിയ്യയ്ക്ക് എതിരായ ബാഴ്സലോണയുടെ തോൽവിയോടെ ലാ ലിഗ പോയിന്റ് പട്ടികയിൽ രണ്ട്പോയിന്റ് ലീഡുമായി റയൽ മാഡ്രിഡ് ഒന്നാം സ്ഥാനം സ്ഥാനത്ത്. കഴിഞ്ഞ ദിവസം വിയ്യാറയലിനെ 3-1ന് തോൽപ്പിച്ച് റയൽ ഒന്നാമതെത്തിയിരുന്നെങ്കിലും സെവിയ്യയെ തോൽപ്പിച്ച് ബാഴ്സ വീണ്ടും മുന്നിലാകുമെന്നാണ് കരുതിയിരുന്നത്. ഈ സീസണിലെ എട്ടുമത്സരങ്ങളിൽ ഏഴുജയവും ഒരു തോൽവിയും ഉൾപ്പടെ റയലിന് 21 പോയിന്റാണുള്ളത്. ആറ് ജയവും ഓരോ സമനിലയും തോൽവിയുമായി ബാഴ്സയ്ക്ക് 19 പോയിന്റും.16 പോയിന്റുമായി വിയ്യാറയലാണ് രണ്ടാം സ്ഥാനത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |