മലയാളി താരങ്ങളായി സഹലും ഉവൈസും
ബെംഗളുരു : വിരമിക്കൽ പിൻവലിച്ച് തിരിച്ചുവന്ന നായകൻ സുനിൽ ഛെത്രിയെ ഉൾപ്പെടുത്തി സിംഗപ്പൂരിനെതിരെ വ്യാഴാഴ്ച നടക്കുന്ന എ.എഫ്.സി കപ്പ് യോഗ്യതാ മത്സരത്തിനുള്ള 23 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഖാലിദ് ജമീൽ. ഇന്ത്യൻ കോച്ചായി സ്ഥാനമേറ്റശേഷമുള്ള ഖാലിദിന്റെ ആദ്യ വെല്ലുവിളി സെൻട്രൽ ഏഷ്യൻ നേഷൻസ് കപ്പായിരുന്നു. ഈ ടൂർണമെന്റിൽ സുനിൽ ഛെത്രി ഇല്ലാതെ മൂന്നാം സ്ഥാനത്തെത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ എ.എഫ്.സി കപ്പിൽ പോരാട്ടങ്ങൾ കടുത്തതായതുകൊണ്ട് ഖാലിദ് കഴിഞ്ഞമാസം 20ന് തുടങ്ങിയ ഇന്ത്യൻ ക്യാമ്പിലേക്ക് ഛെത്രിയെയും ഉൾപ്പെടുത്തി.
വെറ്ററൻ ഡിഫൻഡർ സന്ദേശ് ജിൻഗാനും 23 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. നേഷൻസ് കപ്പിൽ ഇറാനെതിരായ മത്സരത്തിനിടെയേറ്റ പരിക്കിൽ നിന്ന് മോചിതനായാണ് ജിൻഗാന്റെ വരവ്. മലയാളി താരങ്ങളായി മിഡ്ഫീൽഡർ സഹൽ അബ്ദുൽ സമദും ഡിഫൻഡർ മുഹമ്മദ് ഉവൈസും ടീമിലുണ്ട്.
വ്യാഴാഴ്ച സിംഗപ്പൂരിന്റെ ഹോംമാച്ചാണ്. 14ന് ഇതേ എതിരാളികളുമായി ഗോവയിൽ വച്ച് ഇന്ത്യ ഏറ്റുമുട്ടുന്നുണ്ട്. അടുത്തമാസം ബംഗ്ളാദേശുമായും ഇന്ത്യയ്ക്ക് എ.എഫ്.സി കപ്പ് യോഗ്യതാ മത്സരമുണ്ട്. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യ ഓരോ സമനിലയും തോൽവിയും ഒരു പോയിന്റുമായി നാലാം സ്ഥാനത്താണ്. അടുത്ത റൗണ്ടിലേക്ക് കടക്കണമെങ്കിൽ ഇന്ത്യയ്ക്ക് ഇനിയുള്ള നാലുമത്സരങ്ങളിലും വിജയം അനിവാര്യമാണ്.
ഇന്ത്യൻ ടീം : അമരീന്ദർ സിംഗ്, ഗുർമീത് സിംഗ്, ഗുർപ്രീത് സന്ധു( ഗോൾ കീപ്പർമാർ), അൻവർ അലി, മുഹമ്മദ് ഉവൈസ്, മിംഗ്താൻമാവിയ റാൽതേ,സന്ദേശ് ജിൻഗാൻ,പരംവീർ,രാഹുൽ ഭെക്കെ (ഡിഫൻഡർമാർ), സഹൽ അബ്ദുൽ സമദ്, ബ്രാൻഡൺ ഫെർണാണ്ടസ്,ഡാനിഷ് ഫറൂഖ്, ദീപക് ടാൻഗ്രി, മക്കാർട്ടൺ ലൂയിസ് നിക്സൺ,മഹേഷ് നവോറെം,നിഖിൽ പ്രഭു, ഉദാന്ത സിംഗ്(മിഡ്ഫീൽഡേഴ്സ്), സുനിൽ ഛെത്രി, ഫാറൂഖ് ചൗധരി,ലാലിയൻ സുവാല ചാംഗ്തേ,ലിസ്റ്റൺ കൊളാക്കോ, റഹിം അലി, വിക്രം പ്രതാപ് സിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |