റെഗുലേറ്ററി കമ്മിഷന് തിരിച്ചടി
തിരുവനന്തപുരം: ബില്ലിംഗ് രീതിയിൽ മാറ്റം വരുത്തുന്നതുൾപ്പെടെ പുരപ്പുറ സോളാർ ചട്ടത്തിൽ ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് തെളിവെടുപ്പ് നടത്താതെ ഓൺലൈനായി മാത്രം നടത്തിയ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് സുപ്രീംകോടതിയിൽ തിരിച്ചടി. ഇതിനെതിരായ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന കമ്മിഷന്റെ ആവശ്യം തള്ളി. തെളിവെടുപ്പ് നിരീക്ഷിക്കാൻ അമിക്കസ് ക്യൂറിയേയും നിയോഗിച്ചു.
ഇതോടെ ബാറ്ററി സ്ഥാപിക്കുന്നതടക്കം പുരപ്പുറ സോളാർ ഉത്പാദകർക്ക് ഹാനികരമായ വ്യവസ്ഥകളടങ്ങിയ പുനരുപയോഗ ഊർജ ചട്ടം നടപ്പാക്കാൻ കമ്മിഷന് നേരിട്ട് തെളിവെടുപ്പ് നടത്തേണ്ടിവരും. ഈ മാസം മുതൽ ചട്ടം നടപ്പാക്കാനിരിക്കുകയായിരുന്നു കെ.എസ്.ഇ.ബി.
കമ്മിഷൻ നടപടിക്കെതിരെ ഡൊമസ്റ്റിക് ഒാൺഗ്രിഡ് സോളാർ പവർ പ്രൊസ്യൂമേഴ്സ് ഫോറം ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചിരുന്നു. ഇതിനെതിരെയാണ് കമ്മിഷൻ സുപ്രീംകോടതിയെ സമീപിച്ചത്.
ഓൺലൈനാക്കിയത്
പ്രതിഷേധം ഭയന്ന്
ജൂണിൽ ആറു ദിവസങ്ങളിലായി ഓൺലൈനിലൂടെയാണ് റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് നടത്തിയത്. ഉപഭോക്താക്കളുടെ നേരിട്ടുള്ള പ്രതിഷേധം ഒഴിവാക്കാനായിരുന്നു ഇത്.
ഓൺലൈൻ തെളിവെടുപ്പിൽ അഭിപ്രായം പറയാൻ വേണ്ടത്ര സമയം നൽകിയില്ലെന്നും ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |