കോഴിക്കോട്: മരം വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നവർക്ക് ധനസഹായം നൽകുന്നതാണ് പദ്ധതി. സർക്കാർ നിശ്ചയിച്ച വൃക്ഷത്തൈകൾ നടുന്നവർക്ക് 15 വർഷം വരെ ധനസഹായം ലഭിക്കും. പദ്ധതി കാലാവധി പൂർത്തിയായ ശേഷം സ്ഥല ഉടമയ്ക്ക് സോഷ്യൽ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിന്റെ അനുമതിയോടെ മരങ്ങൾ മുറിച്ചെടുക്കാനുള്ള അനുവാദവും ഉണ്ടാകും. സംസ്ഥാനത്തെ വൃക്ഷാവരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
അംഗത്വം ഇങ്ങനെ
സ്വന്തമായി ഭൂമിയുള്ളവർക്കും കുറഞ്ഞത് 15 വർഷത്തെ പാട്ടത്തിന് ഭൂമി കൈവശമുള്ളവർക്കും പദ്ധതിയിൽ അംഗങ്ങളാവാം. ചന്ദനം, തേക്ക്, റോസ് വുഡ്, പ്ലാവ്, കാട്ടുപ്ലാവ്, തമ്പകം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കുമ്പിൽ, കരിമരുത്, വെൺതേക്ക്, വീട്ടി എന്നിവയാണ് നടേണ്ടത്. ആദ്യഘട്ടത്തിൽ ചന്ദനത്തൈകളാണ് നട്ടുപിടിപ്പിക്കുക. താൽപര്യമുള്ളവർ സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. കുറഞ്ഞത് 10 തൈകളെങ്കിലും നടാനാകണം. രജിസ്റ്റർ ചെയ്യുമ്പോൾ വനംവകുപ്പുമായി ധാരണാപത്രം ഒപ്പിടണം.
സഹായധനം മൂന്നാം വർഷം മുതലാണ് നൽകുക. പരിപാലിക്കുന്നവർക്ക് 15 വർഷംവരെ ലഭിക്കും. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നഴ്സറികളിൽ നിന്ന് എല്ലാ വർഷവും ജൂൺ, ജൂലായ് മാസങ്ങളിൽ സൗജന്യമായി വൃക്ഷത്തൈകൾ നൽകും.
ആർ. കീർത്തി, ഉത്തരമേഖല സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |