കണ്ണൂർ: കഴിഞ്ഞ ശനിയാഴ്ചയാണ് 25 കോടി സമ്മാനത്തുകയുള്ള ഓണം ബമ്പർ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നത്. ഗോർഖി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്. ടി എച്ച് 577825 എന്ന ടിക്കറ്റെടുത്ത ആലപ്പുഴ ചേർത്തല തൈക്കാട്ടുശ്ശേരി നെടുംചിറ വീട്ടിൽ ശരത്തിനാണ് ഒന്നാം സമ്മാനമടിച്ചത്. അദ്ദേഹം ബാങ്കിൽ പോയി സമ്മാനർഹമായ ടിക്കറ്റ് ഏൽപ്പിക്കുകയും ചെയ്‌തു. ഇതിനിടയിൽ മലയാളികൾ തിരഞ്ഞെ മറ്റൊരു മുഖമുണ്ട്. കണ്ണൂർ പഴയങ്ങാടി സ്വദേശി പ്രകാശനെ.
ഓണം ബമ്പറിന്റെ 93 ടിക്കറ്റുകളെടുത്താണ് പ്രകാശൻ വാർത്തകളിൽ ഇടം നേടിയത്. ഓണം ബമ്പർ അടിക്കുമെന്ന പ്രതീക്ഷയിൽ വീടുപണിയാൻ ആശാരിമാരെ ഏർപ്പാടാക്കിയിരുന്നു. 46, 500 രൂപയ്‌ക്കാണ് മൊത്തം ടിക്കറ്റെടുത്തത്.
ചെറുപ്പം മുതലേ ലോട്ടറിയെടുക്കാറുണ്ടായിരുന്നെങ്കിലും ഇതുവരെ അടിച്ചിരുന്നില്ല. കഴിഞ്ഞ തവണ 100 ടിക്കറ്റുകളെടുത്തിരുന്നു. കളിയാക്കുന്നവരോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത്തവണ ചെറിയൊരു തുക ലോട്ടറിയടിച്ചിട്ടുണ്ട്.
'ഇന്നുവരെ ഒരു തുകയും കിട്ടിയിരുന്നില്ല. പണിയെടുത്ത് പ്രായം കൂടിക്കൊണ്ടിരിക്കുകയാണ്. കുറേ വർഷങ്ങളായി ലോട്ടറിയെടുക്കുന്നു. ഇന്ന് കിട്ടും നാളെ കിട്ടുമെന്ന് കരുതിയായിരുന്നു ലോട്ടറിയെടുത്തത്. ഇപ്പോൾ 12000രൂപയോളം കിട്ടി. ഇനി പൂജ ബമ്പറിലാണ് പ്രതീക്ഷ. ഒരു കോടി, അല്ലെങ്കിൽ അമ്പത് ലക്ഷം കിട്ടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ മൊത്തം പോയി. '- അദ്ദേഹം ഒരു ചാനലിനോട് പറഞ്ഞു. സഹോദരിക്ക് ഓടിട്ട ഒരു വീടുണ്ടാക്കിക്കൊടുക്കണമെന്നാണ് ആഗ്രഹമെന്നും പ്രകാശൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |