രണ്ട് ദിവസം മുമ്പായിരുന്നു ദാദാ സാഹേബ് ഫാൽക്കേ അവാർഡ് നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിച്ചത്. 'ലാൽ സലാം' എന്ന് പേരിട്ട ചടങ്ങിൽ രാഷ്‌ട്രീയ സിനിമാ മേഖലകളിലെ പ്രമുഖർ പങ്കെടുത്തിരുന്നു. അക്കൂട്ടത്തിൽ സംവിധായകനും ദാദാ സാഹേബ് ഫാൽക്കേ മുൻ ജേതാവുമായ അടൂർ ഗോപാലകൃഷ്ണനും പങ്കെടുത്തിരുന്നു.
ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് ദശാബ്ദം മുമ്പ് തനിക്ക് അവാർഡ് ലഭിച്ചപ്പോൾ ഇതുപോലുള്ള ആഘോഷങ്ങളോ ജനങ്ങൾ മുഴുവൻ പങ്കെടുത്തുള്ള ആദരവ് പ്രകടിപ്പിക്കലോ ഉണ്ടായിരുന്നില്ലെന്നായിരുന്നു അടൂർ പറഞ്ഞത്. ഇതിന് മറുപടിയായി മോഹൻലാൽ പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ' എന്നെക്കുറിച്ച് ആദ്യമായി നല്ലത് പറഞ്ഞ... അല്ല, ഞങ്ങൾ ഒരുപാട് വേദികളിൽ ഒരുമിച്ചിരുന്നിട്ടുണ്ട്. എന്നെക്കുറിച്ച് സംസാരിച്ച അടൂർ ഗോപാലകൃഷ്ണൻ സാറിനോടും മറ്റുള്ളവരോടും നന്ദി അറിയിക്കുന്നു.'- എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.
മുഖ്യമന്ത്രി അടക്കമുള്ളവർ പങ്കെടുത്ത വളരെ പോസിറ്റീവായ ചടങ്ങിൽ അടൂർ ഇത്തരമൊരു പരാമർശം നടത്തിയത് ശരിയായില്ലെന്ന് മിക്കവരും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ അടൂരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ബൈജു സന്തോഷ്. 'ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാറായി'- എന്നാണ് ബൈജു സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ബൈജുവിന്റെ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |