തിരുവനന്തപുരം: ശബരിമല സ്വർണ മോഷണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ദുരൂഹമാണെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുഖ്യമന്ത്രിയുടെ ഓഫീസിനും സിപിഎമ്മിനും സ്വർണത്തോട് അല്പം താല്പര്യ കൂടുതലാണെന്ന് എല്ലാവർക്കുമറിയാം . ആ താല്പര്യമാണ് ഇപ്പോൾ ശബരിമലയിലും കാണുന്നത്. പിണറായി ഭരണകാലത്ത് ശബരിമലയിൽ നടന്ന സ്വർണ്ണ മോഷണങ്ങളിൽ പ്രതിഷേധിച്ച് ബിജെപി ബുധനാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നുമെന്നും ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറിഅറിയിച്ചു.
സ്വർണപാളികൾ കടത്തിക്കൊണ്ടുപോയ സംഭവം മോഷണം ആണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും വലിയ മോഷണം ശബരിമലയിൽ നടന്നിട്ടും, ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തിനും ഏതിനും അഭിപ്രായമുള്ള മുഖ്യമന്ത്രിക്ക് സ്വർണ്ണം മോഷ്ടിച്ചതിനെ പറ്റി എല്ലാം അറിയുന്നത് കൊണ്ടാണ് ഈ മൗനം പാലിക്കുന്നത്.
ദേവസ്വം ബോർഡിൻ്റെ അനുമതിയോടെയും സഹായത്തോടെയും സ്വർണ്ണ പാളികൾ ശബരിമലയിൽ നിന്ന് കടത്തിയതായി വ്യക്തമായിരിക്കുന്നു.ദേവസ്വം ബോർഡ് പ്രസിഡന്റുമാരും മന്ത്രിമാരും ഇതിനു പിന്നിൽ പ്രവർത്തിച്ചുവെന്നതിൽ സംശയമില്ല. എ. പത്മകുമാറും എൻ. വാസുവും പ്രസിഡന്റുമാരായിരുന്ന സമയത്താണ് ശബരിമലയിൽ ഈ അഴിമതികൾ നടന്നത്.
എൻ വാസു മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത ആൾ ആണെന്ന് ആർക്കാണറിയാത്തത്. കോടതി അന്വേഷണം കൊണ്ടു മാത്രം മുഴുവൻ സത്യവും പുറത്തുവരില്ല. ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞത് പോറ്റിയെ അറിയില്ല എന്നായിരുന്നു. എന്നാൽ പോറ്റിക്കൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ ഇവരുടെ ബന്ധം സംബന്ധിച്ച സത്യാവസ്ഥ പുറത്ത് വന്നതായും അനൂപ് ആന്റണി പ്രസ്താവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |