തിരുവനന്തപുരം: ശബരിമലയിൽ ഇനിമുതൽ സ്പോൺസർമാരുടെ പശ്ചാത്തലം പരിശോധിച്ചതിന് ശേഷമേ സ്പോൺസർഷിപ്പ് നൽകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. കോടതി പ്രഖ്യാപിച്ച അന്വേഷണത്തെ പൂർണമായി സ്വാഗതം ചെയ്യുന്നുവെന്നും തന്റെ ഭരണകാലമടക്കം എല്ലാം അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു പ്രതികരണം.
''ഇതൊരു അനുഭവമാണ്, ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളണം. ഇനിമുതൽ വിജിലൻസിനെക്കൂടി ഉൾപ്പെടുത്തി സ്പോൺസർമാരുടെ പശ്ചാത്തലം അന്വേഷിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും''എന്നും പി എസ് പ്രശാന്ത് പറഞ്ഞു. കുറ്റം ചെയ്തവർ എത്ര ഉന്നതനായാലും അവർ ശിക്ഷിക്കപ്പെടണമെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ശബരിമലയിലെ സ്വർണം കവരാനാകില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും വ്യക്തമാക്കി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ രംഗത്തെത്തി. ഒന്നരക്കിലോ സ്വർണം ഒമ്പത് പവനായി കുറഞ്ഞെങ്കിൽ അതിന് മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണറാണെന്നും ശബരിമലയിൽ ഇനിയും പലതും കലങ്ങി തെളിയാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിജയ് മല്ല്യ ചുമതലപ്പെടുത്തിയ തൊഴിലാളികൾക്കുമേലും പത്മകുമാർ സംശയം പ്രകടിപ്പിച്ചു. സ്വർണപ്പാളി വിവാദത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |