തിരുവനന്തപുരം: ശബരിമല സ്വർണപാളി വിവാദത്തിൽ സംസ്ഥാന സർക്കാരിനും സിപിഎമ്മിനുമെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ നടപടികൾ ബഹിഷ്കരിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ധർമ്മശാസ്താവിന്റെ ദ്വാരപാലക ശില്പം ഏത് സംസ്ഥാനത്തെ ഏത് കോടീശ്വരന്റെ വീട്ടിലേക്കാണ് വിറ്റിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയിൽ ഇരുന്ന ദ്വാരപാലക ശില്പം വിറ്റുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. എത്ര കള്ളന്മാരാണ് തലപ്പത്തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വിഡി സതീഷന്റെ വാക്കുകൾ
'ഒരു കളവും വില്പനയുമാണ് ശബരിമലയിൽ നടന്നതെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് ദേവസ്വംബോർഡ് പുണ്യ പരിപാവനമായ ശബരിമല അമ്പലത്തെ മാത്രമല്ല ലക്ഷക്കണക്കിന് വിശ്വാസികളെകൂടി വഞ്ചിച്ചിരിക്കുകയാണെന്നാണ് കോടതിയുടെ വിമർശനം. മാത്രമല്ല ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തൽ കോടതി വിധിയിലുണ്ട്. ചെന്നൈയിലെത്തിച്ചത് മറ്റൊരു ചെമ്പ് മാത്രമുള്ള ശില്പമായിരുന്നു. തിരിച്ചു കൊണ്ട് സ്ഥാപിച്ചപ്പോൾ ഉണ്ടായ ഭാരത്തിലെ കുറവ് ദേവസ്വം ബോർഡ് ബോധപൂർവ്വം കണ്ടില്ലെന്ന് നടിച്ചതാണ്. ഒറിജിനൽ സ്വർണം മൂടിയ ശില്പം ഉയർന്ന നിരക്കിൽ വില്പന നടത്തി.
ഒറിജിനൽ ദ്വാരപാലക ശില്പം ശബരിമലയിൽ നിന്നെടുത്ത് ഉയർന്ന വിലയ്ക്ക് വില്പന നടത്തി. പകരം ഇവിടെയുണ്ടാക്കിയ മോൾഡ് ചെമ്പ് മാത്രമാണ് ചെന്നൈയിൽ കൊണ്ടുപോയതെന്നുള്ള ഗുരുതരമായ കണ്ടെത്തലാണ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ഞങ്ങൾക്ക് സിപിഎമ്മിനോടും സർക്കാരിനോടും പറയാനുള്ളത് ശബരിമല ധർമ്മശാസ്താവിന്റെ ദ്വാരപാലക ശില്പം ഏത് സംസ്ഥാനത്തെ ഏത് കോടീശ്വരന്റെ വീട്ടിലേക്കാണ് നിങ്ങൾ വിറ്റിരിക്കുന്നതെന്നാണ്. കോടികൾ മറിയുന്ന കച്ചവടമാണ് നടന്നത്. ശബരിമലയിൽ ഇരുന്ന ദ്വാരപാലക ശില്പം വിറ്റുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. എത്ര കള്ളന്മാരാണ് തലപ്പത്തിരിക്കുന്നതെന്നാണ് വിഡി സതീഷൻ പറഞ്ഞത്.
മാത്രമല്ല ഇങ്ങനെയൊരു കളവ് നടന്നുവെന്ന് ദേവസ്വം ബോർഡിന് അറിയാമായിരുന്നു. അക്കാര്യം ദേവസ്വം ബോർഡ് മറച്ചു വച്ചു. കാരണം ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ മാത്രം കേസെടുക്കാൻ പറ്റില്ല. അതിനാൽ കൂട്ടു നിന്ന ദേവസ്വത്തിലേയും സർക്കാരിലേയും വമ്പന്മാർ കൂടി കേസിൽ അകപ്പെടും.
കളവ് നടന്നതായി അറിഞ്ഞിട്ടും ദേവസ്വം ബോർഡ് അത് മറച്ചുവച്ചു. യഥാർത്ഥ ശില്പം വിറ്റ് പണമാക്കിയ കാര്യം അറിയാവുന്ന ഈ സർക്കാർ അവരുടെ കീഴിലുള്ള ദേവസ്വം ബോർഡ് വഴി ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ 2025ൽ വീണ്ടും ക്ഷണിച്ചുവരുത്തി. അതിനാൽ ഇപ്പോഴത്തെ ദേവസ്വം മന്ത്രി രാജിവയ്ക്കണം. കൂടാതെ ദേവസ്വം ബോർഡ് അംഗങ്ങളെ സ്ഥാനത്തുനിന്ന് പുറത്താക്കണം.'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |