ആലപ്പുഴ: ശബരിമലയിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വീഴ്ചയിൽ പങ്കില്ലെന്നും ചെമ്പ് പാളിയെന്ന റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്നും ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറും ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ ബി.മുരാരി ബാബു. താൻ നൽകിയത് പ്രാഥമികറിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്കുശേഷം അനുമതി നൽകുന്നത് മുകളിലുള്ള ഉദ്യോഗസ്ഥരാണ്.
വിജയ് മല്യ സ്വർണം പൊതിഞ്ഞത് എല്ലായിടത്തും ഒരുപോലെയല്ല. മേൽക്കൂരയിൽ മാത്രമെന്ന് സംശയമുണ്ട്. അതുകൊണ്ടാണ് തിളക്കം നഷ്ടപ്പെടാത്തത്. ദ്വാരപാലക ശില്പങ്ങളിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞത്. താൻ കണ്ടകാര്യമാണ് എഴുതിയത്.
എല്ലാനടപടിക്രമവും പാലിച്ചാണ് റിപ്പോർട്ട് നൽകിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷയെത്തുടർന്നാണ് താൻ തന്ത്രിയുടെ അനുമതി തേടിയത്. ചെമ്പ് പാളിവച്ച് പൊതിഞ്ഞതാണെന്നാണ് പറഞ്ഞത്. കതകിന് ഒരു നിറവും കട്ടിളയ്ക്ക് മറ്റൊരു നിറവുമാകാൻ ആകാൻ പാടില്ല. അതുകൊണ്ടാണ് കട്ടിളയുടെ പാളിയും കൊണ്ടുപോയത്. കട്ടിളയും ചെമ്പ് പാളിയിൽ സ്വർണം പൂശിയതാണ്. അതുകൊണ്ടാണ് നിറം മങ്ങിയത്. കട്ടിളയിലും രേഖയിൽ എഴുതിയത് ചെമ്പു പാളി എന്നാണ്. സർട്ടിഫൈ ചെയ്യേണ്ടത് സ്മിത്താണ്.
'അതിനു മുമ്പ്
സ്ഥാനമൊഴിഞ്ഞു'
സ്വർണപ്പാളി കൈമാറുമ്പോൾ താൻ ചുമതലയിൽ ഇല്ലായിരുന്നുവെന്ന് മുരാരി ബാബു. അതിന് മൂന്നുദിവസം മുമ്പ് സ്ഥാനം ഒഴിഞ്ഞു. മഹസറിൽ താൻ ഒപ്പിട്ടിട്ടില്ല. ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ട്. ദ്വാരപാലക ശില്പങ്ങളിലുള്ളത് ചെറിയശതമാനം സ്വർണം മാത്രമാണ്. അടിസ്ഥാന ലോഹം എന്താണ് എന്നാണ് എഴുതുന്നത്. അതുകൊണ്ടാണ് രേഖകളിൽ ചെമ്പുപാളിയെന്ന് എഴുതിയത്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി
ബന്ധമില്ല:എ.അജികുമാർ
കായംകുളം:ശബരിമലയിലെ വിവാദ സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സി.പി.ഐ നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവുമായ അഡ്വ.എ.അജികുമാർ.കായംകുളം കണ്ണമ്പള്ളി ഭാഗം അറയ്ക്കൽ ക്ഷേത്രം ട്രസ്റ്റ് ഭരണസമിതിയുടെ മേൽനോട്ടത്തിൽ ബംഗളൂരുവിലെ മൂന്ന് അയ്യപ്പ ഭക്തർ നൽകിയ തുക ഉപയോഗിച്ച് രണ്ട് കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു.വീടുകളുടെ താക്കോൽ ദാനം യു.പ്രതിഭ എം.എൽ.എയും ഞാനും ചേർന്നാണ് നിർവഹിച്ചത്.ചടങ്ങിൽ പങ്കെടുത്ത ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ആദരിച്ചു.അറയ്ക്കൽ അന്നപൂർണ്ണേശ്വരി ക്ഷേത്ര ഉപദേശക സമിതി അംഗമായ ബിനുവാണ് ബംഗളൂരുവിലെ അയ്യപ്പ ഭക്തരായ രമേശ്,രാഘവേന്ദ്ര,പ്രസാദ് എന്നിവരുടെ കാര്യം തന്നോട് പറഞ്ഞത്.2025 മേയ് 25ന് അറയ്ക്കൽ ക്ഷേത്ര ഉപദേശക സമിതി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തിരുന്നു.ഭവനങ്ങളുടെ നിർമ്മാണം സംബന്ധിച്ച പ്രവർത്തികൾക്കും നേതൃത്വം നൽകിയിട്ടുള്ളത് ക്ഷേത്ര ഉപദേശക സമിതിയാണ്.സ്പോൺസർമാരുടെ കുടുംബാംഗങ്ങൾ സഹിതം പങ്കെടുത്താണ് താക്കോൽ കൈമാറിയത്.സ്പോൺസർമാരുടെ സഹായിയായാണ് ഉണ്ണികൃഷ്ണൻ പോറ്റി വന്നത്.മറ്റ് പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അജികുമാർ പറഞ്ഞു.
സ്വർണ്ണപ്പാളി അന്വേഷണം ശരിയായ
ദിശയിൽ: സുകുമാരൻ നായർ
ചങ്ങനാശേരി: ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടി ജി.സുകുമാരൻ നായർ പറഞ്ഞു. സർക്കാർ ഏജൻസികൾക്ക് അന്വേഷണത്തിനാവശ്യമായ സമയം നൽകണം. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുകയും കർശനനടപടികൾ സ്വീകരിക്കുകയും വേണം. അന്വേഷണത്തിൽ സർക്കാരിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടാവുകയോ, കേസ് ഒതുക്കിതീർക്കാൻ ശ്രമമുണ്ടാവുകയോ ചെയ്താൽ സംഘടന പ്രതികരിക്കും. കേന്ദ്രഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നിൽ രാഷ്ട്രീയമുതലെടുപ്പാണ്.
കുന്നത്തുപറമ്പ് ശിവ ക്ഷേത്രത്തിലെ
സ്വർണത്തിലും കുറവ്
മുക്കം: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള നീലേശ്വരം കല്ലുരുട്ടി കുന്നത്തുപറമ്പ് ശിവക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണ ഉരുപ്പടികളിൽ കുറവുള്ളതായി പരാതി. ദേവസം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ മുരളീധരന്റെ പരിശോധനയിലാണ് സ്വർണ ഉരുപ്പടികളിൽ കുറവുള്ളതായി കണ്ടത്. 2023 ൽ സ്ഥാനമൊഴിഞ്ഞവർ പുതിയ ഭാരവാഹികൾക്ക് അധികാരം കൈമാറുമ്പോൾ ഉണ്ടായിരുന്ന സാധനങ്ങളിലാണ് കുറവു വന്നത്. 32 സ്വർണചന്ദ്രകല, 12 സ്വർണ താലി, മൂന്ന് സ്വർണ പൊട്ട്, ഒരു സ്വർണ മണി എന്നിവയാണ് അന്നുണ്ടായിരുന്നത്. ഈ മാസം നാലിന് നടത്തിയ പരിശോധനയിൽ ആറ് സ്വർണ ചന്ദ്രക്കലയാണ് കണ്ടത്. നാല് താലി ലഭിച്ചെങ്കിലും അവ റോൾഡ് ഗോൾഡാണ്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്ഷേത്രസമിതി പ്രസിഡന്റ് കെ.കെ.സുനിത്, സെക്രട്ടറി സന്തോഷ് എന്നിവർ മുക്കം പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |