ടെൽ അവീവ്:ഗാസ യുദ്ധം അവസാനിപ്പിക്കാനായി ഈജിപ്‌റ്റിൽ തുടരുന്ന സമാധാന ചർച്ചയ്ക്കിടെ തങ്ങളുടെ പ്രധാന ഉപാധികൾ മുന്നോട്ടുവച്ച് ഹമാസ്.ഗാസയിലെ സ്ഥിര വെടിനിറുത്തൽ അടക്കമുള്ള ഉപാധികളാണ് ഹമാസ് മുന്നോട്ടുവച്ചിട്ടുള്ളത്.എന്നാൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവിഷ്കരിച്ച സമാധാന പദ്ധതിയിലെ പ്രധാന വ്യവസ്ഥയായ ഹമാസിന്റെ നിരായുധീകരണം അംഗീകരിക്കാൻ അവർ ഇതുവരെ തയ്യാറായിട്ടില്ല.ഹമാസ് ആയുധങ്ങൾ കൈമാറണമെന്നും അംഗങ്ങൾക്ക് മാപ്പ് നൽകി ഗാസ വിടാൻ അവസരമൊരുക്കുമെന്നും ട്രംപിന്റെ 20ഇന പദ്ധതിയിൽ പറയുന്നുണ്ട്.മുഴുവൻ ബന്ദികളെ കൈമാറാനും ആക്രമണം നിറുത്താനും ഹമാസ് തയ്യാറാണെങ്കിലും നിരായുധീകരണം അടക്കം വ്യവസ്ഥകൾക്ക് സമ്മതം അറിയിച്ചിട്ടില്ല.ട്രംപിന്റെ നേതൃത്വത്തിലെ അന്താരാഷ്ട്ര സമാധാന ബോർഡ് ഗാസയുടെ മേൽനോട്ടം ഏറ്റെടുക്കുന്നതിനോടും ഹമാസിന് താത്പര്യമില്ലെന്നാണ് സൂചന.വെടിനിറുത്തലിന് തയ്യാറാണെങ്കിലും സൈനിക പിന്മാറ്റം ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ എന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.ഈ ഭിന്നതകൾ പരിഹരിക്കാൻ ദിവസങ്ങളോളം ചർച്ച വേണമെന്ന് മദ്ധ്യസ്ഥത വഹിക്കുന്ന ഖത്തർ അടക്കമുള്ള അറബ് രാജ്യങ്ങൾ വ്യക്തമാക്കി.ട്രംപിന്റെ പദ്ധതിയിലെ വ്യവസ്ഥകൾക്കെല്ലാം പ്രായോഗിക വ്യാഖ്യാനങ്ങൾ ആവശ്യമാണ്.ഇതിൽ വ്യക്തതകൾ വരുത്താനുണ്ടെന്നും ഖത്തർ പ്രതികരിച്ചു.എന്നിരുന്നാലും ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ തന്നെ വെടിനിറുത്തലും ബന്ദികളുടെ മോചനവും അടങ്ങുന്ന ഒന്നാം ഘട്ടം നടപ്പാക്കാനാകുമെന്ന് തന്നെയാണ് യു.എസ് ആവർത്തിക്കുന്നത്.തിങ്കളാഴ്ച ഷാം അൽ-ഷെയ്ഖിൽ തുടങ്ങിയ ചർച്ചയുടെ ആദ്യ റൗണ്ട് ശുഭസൂചനയോടെ അവസാനിച്ചെന്ന് യു.എസ് പറഞ്ഞു.
ഹമാസിന്റെ ഉപാധികൾ
1. ഗാസയിൽ ഉടൻ സ്ഥിര വെടിനിറുത്തൽ
2. ഇസ്രയേലിന്റെ പൂർണ സൈനിക പിന്മാറ്റം
3. ഗാസയിലേക്ക് പരിധികളില്ലാതെ മാനുഷിക സഹായമെത്തിക്കണം
4. ഗാസയ്ക്കുള്ളിൽ കുടിയിറക്കപ്പെട്ടവരെ അവരുടെ നാട്ടിൽ തിരിച്ചെത്തിക്കണം
5. പാലസ്തീനികൾ ഉൾപ്പെട്ട കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഗാസയുടെ പുനർനിർമ്മാണം ഉടൻ തുടങ്ങണം
6. പാലസ്തീനിയൻ തടവുകാരുടെ ന്യായമായ കൈമാറ്റം
ആക്രമണം തുടരുന്നു
സമാധാന ശ്രമങ്ങൾ ഊർജ്ജിതമാകുമ്പോഴും ഗാസയിൽ ഇടവേളയില്ലാതെ ആക്രമണം തുടർന്ന് ഇസ്രയേൽ.യുദ്ധത്തിന്റെ രണ്ടാം വാർഷിക ദിനമായ ഇന്നലെയും ഗാസയിലെമ്പാടും ഇസ്രയേലിന്റെ കര,വ്യോമാക്രമണങ്ങളുണ്ടായി.തെക്കൻ ഗാസയിലും ഗാസ സിറ്റിയിലും ഇന്നലെ പുലർച്ചെ ശക്തമായ ബോംബാക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു.ഇസ്രയേലിന് നേരെ ഹമാസ് റോക്കറ്റാക്രമണങ്ങൾ നടത്തിയെങ്കിലും ലക്ഷ്യംകണ്ടില്ല.ഗാസയിലെ ആകെ മരണസംഖ്യ 67170 കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |