വടക്കാഞ്ചേരി : മുള്ളൂർക്കരയിൽ ചീട്ടുകളി മാഫിയാ സംഘാംഗങ്ങൾ വടക്കാഞ്ചേരി പൊലീസിന്റെ പിടിയിൽ. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി പൊലീസും, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ സാഗോക്ക് ടീമും ചേർന്ന് നടത്തിയ റെയ്ഡിലാണ് 11 അംഗ സംഘം 2.10 ലക്ഷം രൂപയുമായി പിടിയിലായത്.
മുള്ളൂർക്കര റിക്രിയേഷൻ ക്ലബ്ബിലായിരുന്നു ലക്ഷങ്ങളുടെ ചീട്ടുകളി. അഞ്ചേരി തോട്ടപ്പടി സ്വദേശി മനോജ് (56), പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ ഷെയ്ഖ് മുഹമ്മദ് (48), അജീഷ് (46), വാണിയംകുളം സ്വദേശി വിനോദ് കുമാർ (56), മനക്കൊടി സ്വദേശി റോയ് ( 57), ആറങ്ങോട്ടുകര തിരുമിറ്റക്കോട് സ്വദേശി ആരിഫ് (43), കടങ്ങോട് പന്നിത്തടം സ്വദേശി സന്തോഷ് (52), പെരുമ്പിലാവ് സ്വദേശി പ്രജിത്ത് (52), പാലക്കാട് മിത്രാനന്ദപുരം സ്വദേശി ആലിക്കുട്ടി (66), കൂറ്റനാട് സ്വദേശി അബൂബക്കർ (57), ചിറനെല്ലൂർ സ്വദേശി പ്രേംദാസ് (55) എന്നിവരാണ് പിടിയിലായത്. ജനവാസമേഖലയോട് ചേർന്ന ക്ലബ്ബിൽ നിരന്തരം ഇതരജില്ലക്കാരായ ആളുകൾ ആഢംബര വാഹനങ്ങളിൽ വന്ന് പോകുന്നത് പതിവായിരുന്നു. നാട്ടുകാർ വലിയ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. വടക്കാഞ്ചേരി എസ്.ഐ ഹരിഹരസോനു, ചെറുതുരുത്തി ഗ്രേഡ് എസ്.ഐ സതീഷ്, സാഗോക്ക് ഗ്രേഡ് എ.എസ്.ഐ പളനിസ്വാമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും അറസ്റ്റും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |