തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കാണാതായതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തിനു പിന്നിൽ രാഷ്ട്രീയമുണ്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം കുറ്റമറ്ര രീതിയിൽ നടക്കും. ഒരു കുറ്റവാളിയും രക്ഷപെടില്ല - മുഖ്യമന്ത്രി വിയമസഭയിൽ വ്യക്തമാക്കി. സംഭവത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഗൗരവമേറിയ അന്വേഷണം വേണമെന്ന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അഭിപ്രായം പരിഗണിച്ചാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്. ആര് തെറ്രു ചെയ്താലും മുഖംനോക്കാതെ നടപടിയെടുക്കും. അതാണ് ഞങ്ങളുടെ ശീലം. പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുകയാണ്. അവർക്ക് വിഷമകരമായ രീതിയിൽ കാര്യങ്ങൾ ഉയർന്നുവരുമെന്ന ഭയമാണ്. അതിനാൽ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഒരു പുകമറയെയും സർക്കാർ ഭയക്കുന്നില്ല. സഭയിൽ ബഹളമുണ്ടാക്കുന്ന പ്രതിപക്ഷം ആവശ്യം എന്താണെന്ന് സ്പീക്കർ പലവട്ടം ചോദിച്ചിട്ടും വ്യക്തമാക്കുന്നില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം മറുപടി നൽകാൻ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഭയിൽ പ്രകോപനമുണ്ടാക്കിയത് മുഖ്യമന്ത്രി: വി.ഡി.സതീശൻ
നിയമസഭയിൽ ഇന്നലെ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നാണ് പ്രകോപനമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാർ എന്തിനാണ് പ്രതിപക്ഷത്തെ ഭയപ്പെടുന്നത്. സഭാ നടപടികളുമായി നിസഹകരിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചതാണ്. സമാധാനപരമായി മുദ്രാവാക്യം വിളിക്കുകയാണ് ചെയ്തത്. സ്ത്രീകളായ വാച്ച് ആൻഡ് വാർഡിനെ മുന്നിൽ നിറുത്തി പ്രതിപക്ഷത്തെ നടുത്തളത്തിൽ നിന്നകറ്റാൻ ശ്രമിച്ചു. രണ്ട് വനിതാ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് തള്ളി മാറ്റിയിട്ടും പ്രതിപക്ഷം പ്രകോപിതരായില്ല. മുഖ്യമന്ത്രി എന്തിനാണ് സീറ്റിലിരുന്ന്പ്രകോപനപരമായ കാര്യം പറഞ്ഞത്. അതിന് പ്രതിപക്ഷാംഗങ്ങൾ മറുപടി പറഞ്ഞു കാണും. മന്ത്രി മുഹമ്മദ് റിയാസ് മന്ത്രി സജി ചെറിയാന്റെ കൈയ്യിൽ ബലമായി പിടിച്ചു കൊണ്ടാണ് സഭയുടെ നടുത്തളത്തിലേക്ക് വന്നത്. അതിനു പിന്നാലെയാണ് മറ്റു മന്ത്രിമാരും അംഗങ്ങളും ഇറങ്ങിയത്.പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ രണ്ട് അംഗങ്ങളെ പറഞ്ഞു വിട്ടെന്ന നട്ടാൽ കുരുക്കാത്ത നുണയാണ് മന്ത്രി എം.ബി രാജേഷ് പറഞ്ഞത്.ശബരിമലയിലെ ദ്വാരപാലക ശിൽപം കോടീശ്വരന്മാർക്ക് വിറ്റിട്ടും സ്വർണം കട്ടിട്ടും സ്വർണം ചെമ്പാക്കി മാറ്റിയ രാസവിദ്യ പ്രയോഗിച്ചിട്ടും ഇതുവരെ ചുണ്ടനക്കാത്ത മുഖ്യമന്ത്രി ഇന്നലെയാണ് സഭയിൽ സംസാരിച്ചത്. അതും കൊള്ളക്കാർക്ക് സഹായകരമായ രീതിയിൽ. വാതിലും കട്ടിളപ്പടിയും വരെ അടിച്ചു മാറ്റിയിരിക്കുകയാണ്. ഇനി അയ്യപ്പ വിഗ്രഹം മാത്രമെ അവിടെയുള്ളൂവെന്നും സതീശൻ പറഞ്ഞു.
ശബരിമലയിലെ പുണ്യ വസ്തുക്കൾ കൊള്ളയടിച്ചെന്ന പുതിയ വാർത്തകളാണ് വരുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.വൈകിയാണെങ്കിലും സർക്കാർ സി.പി.എം കാരനായ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തത് കാര്യങ്ങൾ ബേദ്ധ്യപ്പെട്ടതിനാലാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |