തിരുവനന്തപുരം: അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിയോട് ചോദിച്ചാൽ അറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യഥാർത്ഥ ദ്വാരപാലക ശിൽപം വലിയൊരു വിലയ്ക്ക് വിറ്റെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. കട്ട സാധാനമാണെന്ന് പറയാതെ കബളിപ്പിച്ച് ഒരു കോടീശ്വരനാണ് വിറ്റിരിക്കുന്നത്. ഇതെല്ലാം കൃത്യമായി ഹൈക്കോടതി വിധിയിലുണ്ടെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്വർണം ചെമ്പാക്കി മാറ്റിയ രാസവിദ്യ ഉൾപ്പെടെ കണ്ടുപിടിച്ചിട്ടും മുഖ്യമന്ത്രി ഇത്രയും ദിവസമായിട്ടും വായ് തുറന്നില്ല. 19-ാം തീയതി പ്രതിപക്ഷം നോട്ടീസ് നൽകിയിട്ടും പരിഗണിച്ചില്ലല്ലോ. അപ്പോൾ എവിടെയായിരുന്നു മുഖ്യമന്ത്രിയുടെ നാവ്? ഒരു പത്രസമ്മേളനം നടത്തി സർക്കാരിന് പറയാനുള്ളത് പറയേണ്ടേ? കുറ്റവാളികൾക്കെതിരെ നടപടി എടുക്കുമെന്നു പറയണ്ടേ? എവിടെയായിരുന്ന നാവ്? ദ്വാരപാലക ശിൽപം മാത്രമല്ല, കട്ടിളപ്പാളിയും വാതിലും അടക്കം അടിച്ചു കൊണ്ടുപോയിരിക്കുകയാണ്. എന്നിട്ട് രണ്ടാമതും ഈ സർക്കാർ ഉണ്ണികൃഷ്ണൻ പോറ്റിയെ വിളിച്ച് വരുത്തിയത് വീണ്ടും കക്കാൻ വേണ്ടിയാണ്. ഈ പ്രാവശ്യം അയ്യപ്പ വിഗ്രഹം കൂടി കൊണ്ടുപോകാനായിരുന്നു പ്ലാൻ.
സംസ്ഥാന പൊലീസിലും സി.ബി.ഐയിലും പൂർണ വിശ്വാസം ഇല്ലാത്തതു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. ഹൈക്കോടതി ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘത്തിലെ വലിയ ഉദ്യോഗസ്ഥർ മുതൽ എല്ലാവരെയും ഹൈക്കോടതിയാണ് തീരുമാനിച്ചത്. അത് സർക്കാരിലുള്ള അവിശ്വാസമാണ്. ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള അന്വേഷണത്തിന് പ്രതിപക്ഷം എതിരല്ല. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ ദ്വാരപാലക ശിൽപം വിറ്റതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |