ന്യൂഡൽഹി: ഇന്ത്യ-യു.കെ 'വിഷൻ 2035", സമഗ്ര തന്ത്രപരമായ പങ്കാളിത്തം അടക്കം വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.കെ പ്രധാനമന്ത്രി കിയർ സ്റ്റാമറും ഇന്ന് കൂടിക്കാഴ്‌ച നടത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ മുംബയിലെത്തിയ സ്റ്റാമറിന് ഔദ്യോഗിക സ്വീകരണം നൽകി. സ്റ്റാമറുടെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്.
ജൂലായിൽ മോദി നടത്തിയ യു.കെ സന്ദർശനത്തിന്റെ തുടർച്ചയായാണ് സ്റ്റാമർ ഇന്ത്യയിലെത്തിയത്. വ്യവസായ സംരംഭകരും വിദ്യാഭ്യാസ വിദഗ്‌ദ്ധരും അടങ്ങിയ വൻ പ്രതിനിധി സംഘവും അദ്ദേഹത്തിനൊപ്പമുണ്ട്.
വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ പത്ത് വർഷം സമയബന്ധിതമായി നടപ്പാക്കേണ്ട പദ്ധതികളടങ്ങിയതാണ് 'വിഷൻ 2035". രാവിലെ പത്തിന് മുംബയ് ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന സി.ഇ.ഒ ഫോറത്തിൽ പങ്കെടുക്കുന്ന ഇരുവരും ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (സി.ഇ.ടി.എ) സൃഷ്‌ടിക്കുന്ന അവസരങ്ങൾ ബിസിനസ്, വ്യവസായ പ്രമുഖരുമായി ചർച്ച ചെയ്യും. ഉച്ചയ്ക്ക് 2:45 ന് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ഇരുവരും മുഖ്യപ്രഭാഷണം നടത്തും.
ചരിത്രപ്രധാനമായ ആദ്യ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ കിയർ സ്റ്റാമറിന് ഊഷ്മളമായ സ്വാഗതമാശംസിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു. ഇന്ത്യ-യു.കെ ബന്ധം ശക്തമാക്കുന്നതിൽ ഇന്നത്തെ കൂടിക്കാഴ്‌ച പ്രധാനമാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |