കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന താരദമ്പതികളാണ് നാഗചൈതന്യയും ശോഭിതയും. ഇവരുടെ ഓരോ അഭിമുഖങ്ങളും അതിലെ ഭാഗങ്ങളുമെല്ലാം ആരാധകർ പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ ശോഭിതയെക്കുറിച്ച് നാഗചൈതന്യ പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവളാണ് ശോഭിത എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ജഗപതി ബാബുവുമൊത്തുള്ള ഒരു ടോക്ക് ഷോയിലാണ് നാഗചൈതന്യ തന്റെ ഭാര്യയുമായുള്ള പ്രണയം എത്രത്തോളമാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ജീവിതത്തിൽ ഇനി ഒഴിച്ചുകൂടാൻ കഴിയാത്ത കാര്യം എന്താണെന്ന ചോദ്യത്തിന്, ഭാര്യ ശോഭിത എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി. അവളില്ലാതെ ഇനി എനിക്ക് പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. തണ്ടൽ എന്ന ചിത്രത്തിന് ശേഷം ശോഭിത തന്നോട് പിണങ്ങിയതിനെക്കുറിച്ചും നാഗചൈതന്യ പറഞ്ഞു. സായി പല്ലവിയായിരുന്നു ചിത്രത്തിലെ നായിക. 100 കോടി കടന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അത്. ചന്ദു മൊണ്ടേതി സംവിധാനം ചെയ്‌ത ചിത്രത്തിലെ ഒരു പാട്ട് രംഗത്തിലെ ചെല്ലപ്പേരാണ് ശോഭിതയ്‌ക്ക് ദേഷ്യം വരാൻ കാരണമായത്.
ശോഭിതയെ നാഗചൈതന്യ വിളിക്കുന്ന ചെല്ലപ്പേരാണ് ആ പാട്ടിൽ പറയുന്നത്. തന്നെ മാത്രം വിളിക്കുന്ന പേര് നായികയെ വിളിച്ചതിനായിരുന്നു പിണക്കം. താൻ സംവിധായകനോട് പറഞ്ഞതുകൊണ്ടാണ് അതുൾപ്പെടുത്തിയതെന്ന് ശോഭിത കരുതി. അത് കാരണം നാല് ദിവസമാണ് ശോഭിത പിണങ്ങിയിരുന്നത്. സ്‌നേഹം ഉള്ളിടത്തേ പിണക്കമുള്ളു. വഴക്കില്ലെങ്കിൽ ഒരു റിലേഷൻഷിപ്പും റിയൽ അല്ലെന്നും നാഗചൈതന്യ പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. 'സോഷ്യൽ മീഡിയയിലൂടെ തന്റെ പങ്കാളിയെ കണ്ടെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ശോഭിതയുടെ വർക്കുകൾ ഞാൻ കണ്ടിട്ടുണ്ട്. എന്റെ ഒരു പോസ്റ്റിന് ശോഭിത കമന്റിട്ടതോടെയാണ് ഞങ്ങൾ തമ്മിൽ ചാറ്റ് ചെയ്യാൻ തുടങ്ങിയത്. പിന്നീട് നേരിൽ കണ്ടു. സൗഹൃദമായി. പിന്നെ പ്രണയമായി'- നാഗചൈതന്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |