സർക്കാർ സ്കൂളുകളടക്കമുള്ള പൊതു വിദ്യാലയങ്ങളിലേക്ക് കഴിഞ്ഞ അദ്ധ്യയനവർഷം 32,000 വിദ്യാർത്ഥികൾ ചേക്കേറിയെന്ന അഭിമാനകരമായ വിവരം പുറത്തുവന്നിരിക്കുകയാണ്. പൊതു വിദ്യാലയങ്ങളിൽ പഠനച്ചെലവ് നാമമാത്രമാണെന്നതും സൗകര്യങ്ങൾ മെച്ചപ്പെട്ടതുമാണ് പ്രധാന കാരണം. പഠനഭാരം കുറവാണെന്നതും പ്രവേശന പരീക്ഷകളിൽ മുൻതൂക്കം ലഭിക്കുമെന്നതും കേന്ദ്ര സിലബസിൽ നിന്ന് കുട്ടികൾ സംസ്ഥാന സിലബസിലേക്ക് മാറാൻ കാരണമായിട്ടുണ്ട്. സർക്കാരിന് ഇതെല്ലാം വിദ്യാഭ്യാസ മേഖലയിലെ നേട്ടമായി അവതരിപ്പിക്കാമെന്നതിൽ തർക്കമില്ല.
എന്നാൽ വിദ്യാഭ്യാസത്തിൽ പഠനം മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യപ്രാധാന്യമാണുള്ളത്. കുട്ടികൾ പഠിച്ചും കളിച്ചും വളരണമെന്നതാണ് തത്വം. കലാകായിക പ്രവർത്തനങ്ങൾ ഭാവിയിൽ പലരുടേയും ജീവിത മുന്നേറ്റത്തിന് തന്നെ നിദാനമായതിന് നിരവധി ഉദാഹരണങ്ങളുണ്ട്. പാഠ്യേതര പ്രവർത്തനങ്ങളിലേക്കും ശ്രദ്ധതിരിക്കേണ്ടത് 'ജെൻ സി" കാലഘട്ടത്തിലെ അനിവാര്യത കൂടിയാണ്. ലഹരിമരുന്നുകളിൽ അഭിരമിക്കുകയും ഗാഡ്ജറ്റുകളിൽ മുഖം പൂഴ്ത്തുകയും ചെയ്യുന്ന ഇളംതലമുറയെ മോചിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് എക്ട്രാ കരിക്കുലർ ആക്ടിവിറ്റികൾ. പക്ഷേ, ഇത്തരം പാഠ്യേതര പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സാമ്പത്തിക പിന്തുണ പ്രതിവർഷം കുറഞ്ഞുവരികയാണെന്നതാണ് യാഥാർത്ഥ്യം. കലാകായിക മേളകൾ സംഘടിപ്പിക്കാൻ അദ്ധ്യാപകരും കുട്ടികളും പിരിവെടുക്കേണ്ട അവസ്ഥ. സ്കൂൾ/ ഉപജില്ലാ തലങ്ങളിൽ മേളകൾ ആരംഭിച്ചതോടെ ഈ ദുർഗതിയാണ് കേരളത്തിലുടനീളം കാണുന്നത്. പലയിടത്തും വീടുകൾ കയറിയിറങ്ങിയുള്ള പണം പിരിക്കൽ പോലും വേണ്ടിവരുന്നു. പാഠ്യേതര പ്രവർത്തനങ്ങൾ ഒരു വഴിപാട് മാത്രമാവുകയാണോ എന്ന് തോന്നിപ്പിക്കുന്ന അവസ്ഥയാണ് തുടരുന്നത്.
കായികമേളകൾക്ക്
സ്റ്റാർട്ടിംഗ് ട്രബിൾ
കുട്ടികളിൽ സഹജീവി സ്നേഹവും ആരോഗ്യവും വളർത്താനുള്ള ഏറ്റവും യുക്തമായ സ്ഥലമാണ് കളിക്കളം. കേരളത്തിലെ ഒളിമ്പ്യന്മാർ ഉയർന്നുവന്നത് സ്കൂൾ കായികമേളകളിൽ നിന്നാണ്. അത്ലറ്റിക്സ് ലോക മെഡലുകൾ ലക്ഷ്യമിട്ട് ഓപ്പറേഷൻ ഒളിമ്പിയ പോലുള്ള പദ്ധതികൾ രാജ്യത്ത് നടപ്പാക്കിവരുന്നുമുണ്ട്. എന്നാൽ ഇത്തവണ മിക്ക ജില്ലകളിലും ഉപജില്ലാ കായികമേളകൾ തുടങ്ങിയത് താളപ്പിഴയോടെയാണ്. കായികാദ്ധ്യാപകരുടെ നിസഹകരണ സമരമാണ് ഒരു പ്രശ്നമെങ്കിലും സാമ്പത്തിക പ്രതിസന്ധിയും പ്രധാനഘടകമാണ്. ടീമിനത്തിൽ മത്സരിക്കുന്നവരോട് 500 രൂപയും വ്യക്തിഗത ഇനങ്ങളിൽ മത്സരിക്കുന്ന വിദ്യാർത്ഥികളോട് 30 രൂപയും പിരിവെടുത്താണ് എറണാകുളത്ത് ഉപജില്ലാ കായികമേളകൾ നടക്കുന്നത്. കൂടാതെ കായികാദ്ധ്യാപകർക്കും കായിക സംഘടനകൾക്കും അപ്രഖ്യാപിത ടാർജറ്റുണ്ട്. ജനപ്രതികൾ കൂടി ആഞ്ഞു പരിശ്രമിച്ചാണ് രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത്. കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് 10 കോടിയായിരുന്നു ബഡ്ജറ്റ്. എന്നാൽ സർക്കാരിന്റെ നീക്കിയിരിപ്പ് കേവലം 2 കോടിയായിരുന്നു. ബാക്കി സംഭാവനകളാണ്. ഇത്തവണയും പിരിവ് പാളിയാൽ മേള പാളുമെന്നതാണ് സ്ഥിതി.
കടം പറഞ്ഞ്
കലോത്സവങ്ങൾ
കലോത്സവങ്ങളുടെ മുൻകാല കുടിശ്ശിക കിടക്കുകയാണ്. അതിനിടയിൽ വീണ്ടും പിരിവ് തുടങ്ങിയിരിക്കുകയാണ് അദ്ധ്യാപകർ. കലോത്സവം നടത്താൻ ജില്ലകൾക്ക് ഏകദേശം 10 ലക്ഷം രൂപ വീതമാണ് സർക്കാർ അനുവദിക്കുന്നത്. ഇത് ഒന്നിനും തികയില്ല. ഓരോ പ്രദേശത്തും വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് 50- 100 രൂപയാണ് പിരിക്കുന്നത്. അദ്ധ്യാപകർക്ക് 500 മുതൽ 1500 രൂപ വരെ ടാർജറ്റുണ്ട്. കലോത്സവം കൊഴുപ്പിക്കണമെങ്കിൽ നാട്ടുകാരിൽ നിന്നുള്ള സംഭാവനയില്ലാതെ പറ്റില്ല. ഇടതു സർക്കാരിനോട് കൂറുള്ള പ്രഥമാദ്ധ്യാപകർ സഹപ്രവർത്തകരേയും കൂട്ടുപിടിച്ച് ഇതിനോടകം തന്നെ തെരുവിലിറങ്ങിയിട്ടുണ്ട്. കൂപ്പൺ, പേരന്റ് ഡൊണേഷൻ തുടങ്ങിയ പേരുകളിലും പണപ്പിരിവുണ്ട്.
ശാസ്ത്രമേളയിൽ
കടുംവെട്ട്
സ്വപ്നം കാണണമെന്നാണ് മുൻ രാഷ്ട്രപതിയും ലോകോത്തര ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുൾ കലാം ഇളംതലമുറയോട് ആഹ്വാനം ചെയ്തത്. ഈ വാക്കുകൾക്ക് പല മാനങ്ങളുണ്ട്. പഠനഗവേഷണ കൗതുകങ്ങളിലൂടെ കുട്ടികൾ വലിയ നേട്ടങ്ങൾ എത്തിപ്പിടിക്കണമെന്നാണ് അർത്ഥമാക്കിയത്. ബാല്യത്തിൽ ഇതിനുള്ള വേദിയൊരുക്കുന്നതാണ് സ്കൂൾ ശാസ്ത്രമേളകൾ. ഇത് വെറും കുട്ടിക്കളിയോ കെട്ടുകാഴ്ചയോ അല്ല. കുട്ടികളുടെ ആശയങ്ങൾ സമൂഹത്തിന് ഏറെ പ്രയോജനകരമായ കണ്ടെത്തലുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം, ഐ.ടി എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. എന്നാൽ ഇതിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്ന പ്രവണതയാണ് സർക്കാരിനുള്ളത്. ഒരു ജില്ലയ്ക്ക് 50,000 രൂപയും സബ്‌ജില്ലക്ക് 5000 രൂപയും കിട്ടിയാലായി. ശാസ്ത്രാദ്ധ്യാപകർ മുൻകൈയെടുത്തുള്ള പണപ്പിരിവ് തന്നെയാണ് ഇവിടേയും ശരണം. സ്കൂൾ ഉച്ചഭക്ഷണത്തിന് ബിരിയാണി അടങ്ങുന്ന പുതിയ മെനു ഉറപ്പാക്കൽ, അറ്റകുറ്റപ്പണികൾ, പരിസര ശുചീകരണം തുടങ്ങി അദ്ധ്യാപകരുടെ പോക്കറ്റ് ചോർത്തുന്ന കാര്യങ്ങൾ വേറെയുമുണ്ട്.
ഹെഡ്‌മാസ്റ്റർ ജോലി ഭയന്ന് 600 അദ്ധ്യാപകർ സ്ഥാനക്കയറ്റം വേണ്ടെന്നു വച്ച വിവരവും ഇതോട് ചേർത്ത് വായിക്കണം. ഏതു സാഹചര്യത്തിലും വിദ്യാർത്ഥികളിൽ നിന്നുള്ള പണപ്പിരിവ് നിയപരമല്ല. ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പൊതുവിദ്യാഭ്യാസം സൗജന്യമാണ്. 9- 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ നൽകേണ്ട 7 രൂപയോ മറ്റോ സ്പെഷ്യൽ ഫീസ് മാത്രമാണ് ഇത്തരം മേളകൾക്കുള്ള നിയമപരമായ വിഹിതം. ആഗോള സംഗമങ്ങൾക്കും നിക്ഷേപ മാമാങ്കാങ്ങൾക്കും പൊതു ഖജനാവിലെ കോടികൾ നിമിഷനേരംകൊണ്ട് അനുവദിക്കുന്ന കേരളത്തിലാണ് വിദ്യാർത്ഥി മേളകൾക്കായി പിച്ചച്ചട്ടി എടുക്കേണ്ടിവരുന്നതെന്ന് ഓർമ്മിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |