വിഴിഞ്ഞം: കഞ്ചാവും ബ്രൗൺ ഷുഗറുമായി പിടിയിലായ ബംഗാൾ സ്വദേശി റിമാൻഡിൽ. ബുധനാഴ്ച രാത്രിയാണ് ഗൗരീശപട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ മാൽഡ ബോലേചക് സ്വദേശി ബുള്ളറ്റ് മണ്ഡലി (32)നെ നെയ്യാറ്റിൻകര എക്‌സൈസ് സംഘം പിൻതുടർന്ന് പിടികൂടിയത്. പ്രതിയിൽ നിന്ന് 7.105 ഗ്രാം ബ്രൗൺ ഷുഗറും 19.179 ഗ്രാം കഞ്ചാവും 7മൊബൈൽ ഫോണുകളും പിടികൂടിയിരുന്നു. ഏതാനും ദിവസം മുമ്പ് പിടിയിലായ ബംഗാൾ സ്വദേശി രമേശ് മണ്ഡലിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുള്ളറ്റ് മണ്ഡൽ നിരീക്ഷണത്തിലായിരുന്നു.
വിഴിഞ്ഞം തിയേറ്റർ ജംഗ്ഷനിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. കണ്ടെടുത്ത 6 മൊബൈൽ ഫോണുകൾ മോഷ്ടിച്ചതാണോയെന്ന് സംശയിക്കുന്നതായി എക്സൈസ് പറഞ്ഞു. ഇത് സംബന്ധിച്ച് പ്രതി വിവരങ്ങളൊന്നും നൽകുന്നില്ലെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും എക്സൈസ് പറഞ്ഞു.
ലഹരി വസ്തുക്കൾ വില്പന നടത്തിയ ലക്ഷങ്ങളുടെ കണക്കുകളെഴുതി സൂക്ഷിക്കുന്ന രണ്ട് ബുക്കുകളും പ്രതിയുടെ കൈവശമുണ്ടായിരുന്നു. കഞ്ചാവും ഫോണുകളും ബാഗിൽ നിന്നും ബ്രൗൺ ഷുഗർ പ്രതി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നുമാണ് കണ്ടെത്തിയത്. ഗൗരീശപട്ടത്ത് പ്രതി താമസിക്കുന്ന മുറി
വിശദമായി പരിശോധിക്കുമെന്ന് അധികൃതർ പറഞ്ഞു.കെ.എസ്.ബി.സി ബാലരാമപുരം വെയർഹൗസ് സി.ഐ.അജീഷിന്റെ സാന്നിദ്ധ്യത്തിൽ പ്രതിയുടെ ദേഹപരിശോധന നടത്തിയപ്പോഴാണ്
പോക്കറ്റിൽ നിന്ന് ബ്രൗൺ ഷുഗർ അടങ്ങിയ കവർ ലഭിച്ചത്. എക്‌സൈസ് ഇൻസ്‌പെക്ടർ അജയകുമാർ.എ.കെ,പ്രിവന്റീവ് ഓഫീസർ അരുൺകുമാർ എം.എസ്,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സുരേഷ് കുമാർ,രജിത്.കെ.ആർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ നന്ദകുമാർ.എം,ഷിന്റോ എബ്രഹാം,ശ്രീനു.യു.എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ക്യാപ്ഷൻ...... കഞ്ചാവും ബ്രൗൺ ഷുഗറുമായി പിടിയിലായ ബംഗാൾ സ്വദേശി ബുള്ളറ്റ് മണ്ഡൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |