ചേർത്തല: ദേശീയപാതയിൽ കഞ്ഞിക്കുഴിയിൽ എ.എസ് കനാലിന്റെ തടസങ്ങൾ മാറാൻ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായ പ്രവർത്തനങ്ങൾ വേണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാന സർക്കാരിനും പ്രതിപക്ഷമായ കോൺഗ്രസിനും ബി.ജെ.പിക്കും ഇവിടെ പാലനിർമ്മിക്കുന്നതിനും കനാലിന്റെ വീണ്ടെടുപ്പിലും ഒരേ ആവശ്യമാണെങ്കിലും ഒറ്റതിരിഞ്ഞുള്ള ആവശ്യങ്ങൾ ഫലം കാണുന്നില്ല. നിലവിൽ ഇവിടെ ഏഴുമീറ്റർ പാലം ഇരുഭാഗങ്ങളിലും അടിപ്പാതയോടെ നിർമ്മിക്കുന്നതിനു ദേശീയപാത അതോറിട്ടി അനുമതി നൽകിയിട്ടുണ്ട്.
37 കോടിയാണ് ഇതിനു ചെലവു കണക്കാക്കിയിരിക്കുന്നത്. ഈ തുക ദേശീയപാത അതോറിട്ടി ഏറ്റെടുക്കില്ലെന്ന നിലപാടാണ് പ്രതീക്ഷകൾക്കിടയിൽ ആശങ്കയാകുന്നത്. ഇതിനു പരിഹാരം കാണാൻ സംസ്ഥാന സർക്കാരും എം.പിയും ബി.ജെ.പിയടക്കമുളള വിവിധ രാഷ്ട്രീയ കക്ഷികളും ഒന്നിച്ചു പ്രവർത്തിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം .22 മുതൽ 25 മീറ്റർ വരെ വീതിയുള്ള എ.എസ് കനാൽ നിലവിൽ ഈ ഭാഗത്ത് നികത്തിയ സ്ഥിതിയാണ്. 60 കളിലാണ് ദേശീയപാതയുടെ നിർമ്മാണം നടക്കുന്നത്. ഇതു മൂലം എ.എസ് കനാൽ രണ്ടായി മുറിഞ്ഞു പോയി.
നിലവിൽ കനാൽ നികത്തിയ വാദമുയർത്തി നീരൊഴുക്കു ഇല്ലാത്തതു കാട്ടിയാണ് ദേശീയപാത അതോറിട്ടിയുടെ തടസവാദം. ഇതു കൂട്ടായ നീക്കങ്ങളിലൂടെ മറികടക്കാനായാൽ ഇവിടെ പാലം സാദ്ധ്യമാകും.
ജില്ലയുടെ വടക്കൻ മേഖലയുടെ വെള്ളക്കെട്ടിനു വലിയ പരിഹാരവും ഇതുവഴിയുണ്ടാകും.
തുടക്കം 1946ൽ
എ.എസ്.കനാൽ പദ്ധതി 1946 ഡിസംബറിൽ രാജഭരണകാലത്താണ് തുടങ്ങിയത്.സാധാരണക്കാർക്ക് തൊഴിൽ നൽകുന്നതോടൊപ്പം ചരക്ക് ഗതാഗതം സുഗമമാക്കുകയെന്നതായിരുന്നു ലക്ഷ്യം. പൂർണമായും മനുഷ്യാദ്ധ്വാനത്തിലായിരുന്നു നിർമ്മാണം. രണ്ടാം ഘട്ടമായ വികസനവും ആഴംകൂട്ടലും 1957ൽ മന്ത്രിയായിരുന്ന കെ.ആർ.ഗൗരിഅമ്മ മുൻകൈയെടുത്താണ് നടത്തിയത്. നിർമ്മാണത്തിന്റെ ചുമതല അന്ന് ജൂനിയർ എൻജിനിയറായിരുന്ന ചേർത്തല സ്വദേശി വി.വി.പവിത്രനായിരുന്നു.
എ.എസ് കനാൽ വീണ്ടെടുക്കാൻ കഞ്ഞിക്കുഴിയിൽ പാലം അനിവാര്യമാണ്. ദേശീയപാത വികസനം നടക്കുന്ന ഘട്ടത്തിൽ ഇതു നടന്നില്ലെങ്കിൽ ഇനിയൊരിക്കലും കനാൽ പൂർത്തീകരണം എന്ന സ്വപ്നം നടക്കില്ല. പാലം സാദ്ധ്യമാക്കാൻ സംസ്ഥാന സർക്കാരും എം.പിയും ബി.ജെ.പിയടക്കമുള്ള രാഷ്ട്രീയ കക്ഷികളും ഒന്നിച്ചു നിൽക്കണം.
- വി.വി. പവിത്രൻ , കയർവ്യവസായി
(കനാലിന്റെ നിർമ്മാണ ഘട്ടത്തിൽ പ്രവർത്തിച്ച എൻജിനീയർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |