ഡ്യൂഡുമായി പ്രദീപ് രംഗനാഥൻ ബൈസണുമായി ധ്രുവ് വിക്രം, ഡീസലുമായി ഹരീഷ് കല്യാൺ
മലയാള നായിക സാന്നിദ്ധ്യമായി മമിത ബൈജുവും അനുപമ പരമേശ്വരനും
ദീപാവലി റിലീസായി എത്തുന്ന സിനിമകൾക്ക് യുവതാര തിരളക്കം . പ്രദീപ് രംഗനാഥൻ നായകനായ ഡ്യൂഡ്, ധ്രുവ് വിക്രമിന്റെ ബൈസൺ കാലമാടൻ, ഹരീഷ് കല്യാണിന്റെ ഡീസൽ എന്നിവയാണ് ദീപാവലി റിലീസുകൾ. കടുത്ത മത്സരം ആണ് ഇക്കുറി ദീപാവലി ചിത്രങ്ങൾ തമിഴകത്ത് നടത്തുന്നത്. മൂന്നു ചിത്രങ്ങളും ഒക്ടോബർ 17ന് റിലീസ് ചെയ്യും. 100 കോടി ക്ളബിൽ കയറിയ ഡ്രാഗണിനുശേഷം പ്രദീപ് രംഗനാഥൻ നായകനാവുന്ന ഡ്യൂഡിൽ മമിത ബൈജു ആണ് നായിക. പ്രദീപ് - മമിത കോമ്പോ തമിഴകത്ത് വിജയക്കൊടി പാറിക്കുമെന്നാണ് വിലയിരുത്തൽ. മലയാളത്തിലെ പോലെ തമിഴിലും മമിത തരംഗമാകുമെന്ന് ഡ്യൂഡിന്റെ ട്രെയിലർ വ്യക്തമാക്കുന്നു. നവാഗതനായ കീർത്തീശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ, ശരത്‌കുമാർ, ഹൃദു ഹാറൂൺ എന്നിവരാണ് മറ്റു താരങ്ങൾ. സായ് അഭ്യങ്കർ സംഗീതം ഒരുക്കുന്നു. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം.
മാരിസെൽവരാജ് സംവിധാനം ചെയ്യുന്ന ബൈസൺ കാലമാടനിൽ അനുപമ പരമേശ്വരനാണ് നായിക. മലയാള താരം രജിഷ വിജയനും ലാലും പ്രധാന വേഷത്തിൽ എത്തുന്നു . സ്‌പോർട്സ് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രം പാ രഞ്‌ജിത്ത് നിർമ്മിക്കുന്നു. പ്രശസ്ത കബഡി താരം മാനത്തി ഗണേശിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബൈസൺ. അതേസമയം
ഹാട്രിക് ഹിറ്റിന് ഒരുങ്ങുകയാണ് ഡീസൽ സിനിമയിലൂടെ ഹരീഷ് കല്യാൺ. പാർക്കിംഗ്, ലബ്ബർ പന്ത് എന്നീ ചിത്രങ്ങൾക്കുശേഷം ഹരീഷ് കല്യാൺ നായകനാവുന്ന ഡീസൽ ഷൺമുഖം മുത്തുസ്വാമി സംവിധാനം ചെയ്യുന്നു. അതുല്യ രവി ആണ് നായിക. വിനയ് റായ്, സായ് കുമാർ, അനന്യ, കരുണാസ്, രമേശ് തിലക്, കാളിവെങ്കിട് എന്നിവരാണ് മറ്റു താരങ്ങൾ. ദിബു നൈനാൻ തോമസ് സംഗീതം ഒരുക്കുന്നു. തേഡ് ഐ എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |