ശംഖുംമുഖം: ലാന്‍ഡിംഗിനിടെ പക്ഷിയിടിച്ചിട്ടും നിയന്ത്രണം തെറ്റാതെ വിമാനം സുരക്ഷിതമായി ഇറക്കി പൈലറ്റ്. വ്യാഴാഴ്ച പുലര്‍ച്ചെ കുവൈറ്റില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുവൈറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ പറന്നിറങ്ങാന്‍ തുടങ്ങുന്നതിനിടെയാണ് പക്ഷി വിമാനത്തിന് നേരെയെത്തിയത്.
പിന്നിട് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൈലറ്റിന്റെ സമയോചിത ഇടപെടലും നിയന്ത്രണവും കാരണം വിമാനം സുരക്ഷിതമായി റണ്‍വേയില്‍ ലാന്‍ഡിംഗ് നടത്തി. അതീവ ഗുരുതരമായ സംഭവമായതിനാല്‍ പൈലറ്റ് ഉടന്‍തന്നെ പക്ഷിയിടി റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ഭാഗത്തുനിന്ന് ഉടന്‍ അന്വേഷണമുണ്ടാകും.
ഇന്‍ഡിഗോ വിമാനത്തിലും
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ തിരുവനന്തപുരത്ത് ലാന്‍ഡിഗിനെത്തിയ എയര്‍ ഇന്ത്യ,ഇന്‍ഡിഗോ,മാലി എയര്‍ലൈന്‍സ്,വിമാനങ്ങള്‍ക്ക് നേരെ പലവട്ടമാണ് പക്ഷികള്‍ പറന്നടുത്തത്. ഇതില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ ചിറകില്‍ ഇടിച്ച പക്ഷി വിമാനത്താവളത്തിനു പുറത്ത് വീണു. ചത്തുവീണ പക്ഷിക്ക് ചുറ്റുമായി പക്ഷിക്കൂട്ടം വട്ടമിട്ട് പറന്നതോടെ പലവിമാനങ്ങളും ലാന്‍ഡിഗ് നടത്താന്‍ ഏറെ ബുദ്ധിമുട്ടി.
ലാന്‍ഡിംഗ് സമയത്ത് റണ്‍വേയില്‍ നിന്ന് പക്ഷികളെ പടക്കമെറിഞ്ഞ് തുരത്താനുള്ള സംവിധാനമുണ്ടെങ്കിലും ചുറ്റുമതിന് മുകളിലായി പറന്നിറങ്ങുന്ന പക്ഷികളെ തുരത്താനുള്ള സംവിധാനങ്ങള്‍ ഇനിയും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |