ന്യൂഡൽഹി: ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി പദങ്ങളിൽ വിലസിയ നാളുകളിൽ ക്രിക്കറ്റ് കളിച്ചു നടക്കുകയായിരുന്നു മകൻ തേജസ്വി യാദവ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയുടെയും മഹാമുന്നണിയുടെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ്. അതും രാഷ്ട്രീയത്തിലിറങ്ങി 15 വർഷത്തിനുള്ളിൽ.
നിതീഷിന്റെയും എൻ.ഡി.എയുടെയും വികസന മുദ്രാവാക്യത്തിന് ബദലായി ബിഹാറിന്റെ യുവതയെ ആകർഷിക്കാൻ തേജസ്വിക്കാകുമെന്ന് പ്രതിപക്ഷം കരുതുന്നു. എല്ലാ കുടുംബത്തിലും സർക്കാർ ജോലി എന്ന തേജസ്വിയുടെ വാഗ്‌ദാനം അതിനുദാഹരണം. എൻ.ഡി.എയെ നയിക്കുന്ന ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെ അടുത്തറിയുന്ന നേതാവുമാണ് തേജസ്വി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും തേജസ്വിയും തമ്മിലുള്ള ഒരുമയും ബിഹാറിലെ പോരിൽ മഹാമുന്നണിക്ക് പ്ളസ് പോയിന്റാണ്. രാഹുലിന്റെ വോട്ടർ അധികാർ യാത്രയിൽ സഹയാത്രികനായി തേജസ്വിയുണ്ടായിരുന്നു. സീറ്റ് ചർച്ചയിലും ഇവരുടെ സഹവർത്തിത്വം ഗുണകരമാകുമെന്നാണ് മുന്നണി പ്രതീക്ഷ.
നിയമസഭാ സമാജികനെന്ന നിലയിൽ കേവലം പത്തുവർഷം പരിചയം, രണ്ടു തവണ ഉപമുഖ്യമന്ത്രിയായി എന്നതിനപ്പുറം, ബിഹാർ രാഷ്‌ട്രീയത്തിൽ ഇപ്പോഴും സ്വാധീനമുള്ള ലാലുവിന്റെ രാഷ്‌ട്രീയ പാരമ്പര്യമാണ് തേജസ്വിക്ക് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള പ്രധാന യോഗ്യത. ലാലുവിന്റെ ഒൻപതു മക്കളിൽ രാഷ്‌ട്രീയത്തിലിറങ്ങിയ മിസാ ഭാരതി, തേജ് പ്രതാപ് എന്നിവരെക്കാൾ അനുഭവം. നിതീഷിന് കീഴിൽ ഉപമുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചത് തേജസ്വിയിലെ രാഷ്‌ട്രീയ നേതാവിനെ പരുവപ്പെടുത്തി.
പിതാവിന്റെ സമകാലീനനും രാഷ്ട്രീയ വൈരിയുമായ ഇപ്പോഴത്തെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അനുഗ്രഹം വാങ്ങിയാണ് 2015ൽ തേജസ്വി ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. നിതീഷിന്റെ കളം മാറിച്ചവിട്ടൽ മൂലം കുറഞ്ഞ സമയത്തു തന്നെ ഭരണ-പ്രതിപക്ഷാനുഭവങ്ങളും ലഭ്യമായി.ലാലുവും ഭാര്യ റാബ്രിയും മകൾ മിസയും അടക്കം കുടുംബക്കാർ നേരിടുന്ന കേസുകളുടെ നൂലാമാലകൾ തേജസ്വിയുടെ തലയ്‌ക്കുമേലുമുണ്ട്.
ആദ്യമേ ഉപമുഖ്യമന്ത്രി
2015: കന്നി തിരഞ്ഞെടുപ്പിൽ ജയിച്ചശേഷം ഉപമുഖ്യമന്ത്രി, വൈകാതെ പ്രതിപക്ഷ നേതാവ്.
2020: പ്രതിപക്ഷത്ത് മത്സരിച്ചെങ്കിലും 75 സീറ്റുമായി ആർ.ജെ.ഡിയെ ഏറ്റവും വലിയ കക്ഷിയാക്കി.
2022: നിതീഷ് തിരിച്ചെത്തിയപ്പോൾ വീണ്ടും ഉപമുഖ്യമന്ത്രി.
2024: ഉപമുഖ്യമന്ത്രി പദം ഇല്ലാതായി. ലോക്‌സഭാ സീറ്റിൽ ബി.ജെ.പിക്കെതിരെ 'ഇന്ത്യ' മുന്നണിയെ നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |