ടെൽ അവീവ്: യു.എസ്, ഖത്തർ തുടങ്ങിയവരുടെ മദ്ധ്യസ്ഥതയിൽ ഈജിപ്റ്റിൽ നടന്ന തീവ്രമായ ചർച്ചകളിലൂടെ ഇസ്രയേലും ഹമാസും തമ്മിൽ വെടിനിറുത്തലിനും ബന്ദികളുടെ കൈമാറ്റത്തിനും ധാരണയായത് പ്രതീക്ഷാവഹമാണ്. എന്നാൽ, രണ്ട് വർഷം നീണ്ട ഗാസ യുദ്ധം ഇതിലൂടെ അവസാനിക്കുമോ എന്ന് ഉറപ്പിച്ച് പറയാനാകില്ല.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യക്തിപരമായ ഇടപെടലിലൂടെയാണ് വെടിനിറുത്തൽ സാദ്ധ്യമായത്. അദ്ദേഹം ഹമാസിനുമേൽ മാത്രമല്ല, ഇസ്രയേലിനുമേലും കടുത്ത സമ്മർദ്ദം ചെലുത്തി. യുദ്ധം അവസാനിപ്പിച്ച വ്യക്തിയായി സ്വയം അറിയപ്പെടാനും അതിന്റെ പേരിൽ പ്രതിഫലം നേടാനും ആഗ്രഹിക്കുന്ന ട്രംപിന് ഇത് ഒരു വലിയ നയതന്ത്റ വിജയമാണ്.
കരാറിനുള്ള ശ്രമങ്ങൾ പലതവണ അട്ടിമറിച്ചെന്ന് നെതന്യാഹുവിനെതിരെ മുമ്പ് ആരോപണം ഉയർന്നിരുന്നു. നെതന്യാഹുവനോട് ട്രംപ് അതൃപ്തി പ്രകടമാക്കിയിരുന്നു. അടുത്ത സഖ്യ കക്ഷിയായതിനാലും അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടൽ രൂക്ഷമായതോടെയും യു.എസിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയല്ലാതെ നെതന്യാഹുവിന് മുന്നിൽ മറ്റ് വഴികളില്ലായിരുന്നു. ഖത്തറിൽ ഹമാസ് ആസ്ഥാനത്തുണ്ടായ ഇസ്രയേൽ വ്യോമാക്രമണം ട്രംപിനെ കുപിതനാക്കിയിരുന്നു. നെതന്യാഹുവിനെ തന്റെ ട്രാക്കിലാക്കാൻ ട്രംപ് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്തു.
'പൂർണ്ണമായ ഉന്മൂലനം' എന്ന ഭീഷണി ട്രംപിൽ നിന്ന് നേരിട്ടപ്പോൾ ഹമാസും കടുത്ത സമ്മർദ്ദത്തിലായി. അറബ്, മുസ്ലീം രാജ്യങ്ങൾ ട്രംപിനെ പിന്തുണച്ചതും ഹമാസിന് പ്രതികൂലമായി. വെടിനിറുത്തൽ സാദ്ധ്യമായെങ്കിലും ഗാസയുടെ ഭാവിയിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
ഹമാസിന്റെ നിരായുധീകരണമാണ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയിലെ പ്രധാന ഘടകം. ആയുധം വച്ച് കീഴടങ്ങി ഗാസ വിടുക എന്നത് ഹമാസിന് ആത്മഹത്യാപരമാണ്. അതുകൊണ്ട് തന്നെ അവർ അത് സമ്മതിച്ചിട്ടില്ല. ഹമാസ് ഒന്നുകിൽ ആയുധം കൈമാറണം. അല്ലെങ്കിൽ അവരെ ഇല്ലാതാക്കും. ഇതാണ് ഇസ്രയേലിന്റെ നിലപാട്.
ഹമാസിനെ ഇല്ലാതാക്കുക എന്നത് നെതന്യാഹു സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിഷയമാണ്. അദ്ദേഹത്തിന്റെ സർക്കാരിനെ താങ്ങിനിറുത്തുന്ന തീവ്ര വലതുപക്ഷ പാർട്ടികൾ പറയുന്നത് ബന്ദികളെ ലഭിച്ചാൽ ഉടൻ ഹമാസിനെ ഇല്ലാതാക്കണം എന്നാണ്.സ്വതന്ത്ര പാലസ്തീൻ നിലവിൽ വരാതെ ആയുധം താഴെവയ്ക്കില്ലെന്ന് ഹമാസും. ട്രംപിന്റെ പദ്ധതിയെ അനുകൂലിക്കുന്നുണ്ടെങ്കിലും സ്വതന്ത്ര പാലസ്തീൻ അനുവദിക്കില്ലെന്ന് നെതന്യാഹു പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പദ്ധതിയിലൂടെ സ്വതന്ത്ര പാലസ്തീൻ യാഥാർത്ഥ്യമാകണമെന്ന് അറബ് രാജ്യങ്ങളും ആവശ്യപ്പെടുന്നു. ഇതിനിടെയിൽ, സ്വതന്ത്ര പാലസ്തീനെ അംഗീകരിച്ച യു.എൻ അംഗ രാജ്യങ്ങൾ 157 ആയെന്നതും ശ്രദ്ധേയമാണ്.
വെടിനിറുത്തൽ ഗാസയിൽ നരകയാതന അനുഭവിക്കുന്ന മനുഷ്യർക്ക് വലിയ ആശ്വാസമാണ്. ബന്ദികളെ ലഭിച്ച ശേഷം ഇസ്രയേൽ ആക്രമണം പുനരാരംഭിക്കുമോ എന്ന ഭയം പലർക്കുമുണ്ട്. യുദ്ധം പൂർണമായും അവസാനിക്കാൻ ഇനിയും കാത്തിരിക്കണം. ട്രംപിന്റെ പദ്ധതിയുടെ തുടർ ഘട്ടങ്ങൾക്കായുള്ള ചർച്ചകൾ വിജയിച്ചാൽ അത് സാദ്ധ്യമാകും.
# പദ്ധതിയിൽ ഇനി എന്തൊക്കെ ?
ഹമാസ് ആയുധങ്ങൾ കൈമാറണം. ഗാസയിലെ ഭരണത്തിൽ ഹമാസിന് പങ്കുണ്ടാകില്ലെന്ന ഉറപ്പ് ലഭിക്കണം
രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടാത്ത പാലസ്തീൻ കമ്മിറ്റി ഗാസയുടെ താത്കാലിക ഭരണം ഏറ്റെടുക്കും. ട്രംപിന്റെ നേതൃത്വത്തിലെ അന്താരാഷ്ട്ര സമാധാന ബോർഡ് മേൽനോട്ടം വഹിക്കും. ക്രമേണ ഗാസ പരിഷ്കരിച്ച പാലസ്തീനിയൻ അതോറിട്ടിയുടെ കീഴിലാകും
ഗാസയിലെ ജനങ്ങളെ കുടിയൊഴിപ്പിക്കില്ല. ഗാസയെ ഇസ്രയേൽ പിടിച്ചെടുക്കില്ലെന്നും ട്രംപിന്റെ ഉറപ്പ്
ഹമാസ് ടണലുകളും ആയുധ കേന്ദ്രങ്ങളും ഇല്ലാതാക്കി വിദേശ സഹകരണത്തോടെ ഗാസയെ പുനർനിർമ്മിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |